
കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ കുരിശ് ജലീൽ എന്നറിയപ്പെടുന്ന വീരാൻകുഞ്ഞിനെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വ്യാഴാഴ്ച പുലർച്ചെ പ്രധാന അധ്യാപികയുടെ മുറി കുത്തിത്തുറക്കുകയും, ക്യാമറ കേടുവരുത്തുകയും കംപ്യൂട്ടർ മോണിറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച മോണിറ്റർ സ്കൂൾ കോമ്പൗണ്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞു. പിക്കാസ് ഉപയോഗിച്ചാണ് റൂമിന്റെ പൂട്ട് തകർത്തത്. ഓഫീസ് റൂമിൽ നിന്നും ആയിരത്തോളം രൂപയും മോഷ്ടിച്ചു. പിടിയിലായ പ്രതിയുമായി പൊലീസ് സംഘം സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി.
കിണറ്റിൽ ഉപേക്ഷിച്ച മോണിറ്റർ മൂവാറ്റുപുഴ ഫയർഫോഴ്സ് സംഘത്തിൻ്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. സ്കൂളിൽ ഇതിന് മുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. പിടിയിലായ പ്രതി വീരാൻ കുഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പാലക്കാട് നോർത്ത്, പാലക്കാട് സൗത്ത്, ചിറ്റൂർ, കോങ്ങാട്, മഞ്ചേരി, തൃശൂർ ഈസ്റ്റ്, കളമശ്ശേരി എന്നിവിടങ്ങളിൽ നിരവധി മോഷണ ഭവനഭേദന കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]