
ലോക്കേഷനിൽ ‘പാസ്ഔട്ട്’ ആയിപ്പോയ നടൻ; കാരവനിലേക്ക് ആരു ചെല്ലണമെന്ന് ശിങ്കിടികൾ പറയും; ലഹരിക്കു പിന്നിൽ സംവിധായകരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ അടുത്തിടെ തരക്കേടില്ലാതെ വിജയം കണ്ട സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ. ഉൾപ്രദേശത്താണു ഷൂട്ടിങ് എന്നതിനാൽ തലേന്നുതന്നെ നടീനടന്മാരൊക്കെ എത്തി. പിറ്റേന്ന്, ഷൂട്ടിങ് ആരംഭിക്കാൻ പ്രൊഡക്ഷനിലുള്ളവർ നടനെ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കുന്നില്ല. പേരുദോഷമൊന്നും കേൾപ്പിക്കാത്ത ആളായതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചോ എന്നു പേടിച്ച് ബലം പ്രയോഗിച്ച് മുറി തുറന്നപ്പോൾ ആൾ അനങ്ങുന്നില്ല. ‘പാസ്ഔട്ട്’ ആയതാണ്. പതിവില്ലാതെ ‘’ ഒന്നു പരീക്ഷിച്ചതിന്റെ ഫലം. എന്തായാലും ആളെ സിനിമയിൽനിന്ന് ഒഴിവാക്കി. അത്യാവശ്യം നല്ലൊരു റോൾ ആയിരുന്നു. പകരം വന്ന ആൾ സിനിമയിൽ സ്കോർ ചെയ്യുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. യാണ് ഇപ്പോൾ കഥകളിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും ഒട്ടേറെപ്പേർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സിനിമാ മേഖലയിലുള്ളവര് പറയുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നു ഫിലിം ചേംബർ പല തവണ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും നിയന്ത്രണം അത്ര എളുപ്പമല്ല എന്നതാണ് വാസ്തവം.
∙ ‘ലഹരി പിടിക്കുന്ന’ കാരവൻ
മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനും കാരവൻ സംസ്കാരത്തിനും തമ്മിൽ വലിയ അടുപ്പമുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മുമ്പൊക്കെ പ്രധാന നടനോ നടിക്കോ മാത്രമായിരുന്നു കാരവൻ, ഇന്ന് അത്യാവശ്യം ബജറ്റുള്ള ഏതു സിനിമയിലും നാലോ അഞ്ചോ കാരവനുകൾ കാണും. ലഹരിയുടെ ഉപയോഗവും കൈമാറ്റവുമൊക്കെ പ്രധാനമായും ഇതിലാണ് നടക്കുന്നത്. ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി കാരവാനുകളിൽ ക്യാമറ ഘടിപ്പിക്കാൻ ഇടയ്ക്ക് ആലോചന വന്നിരുന്നു. എന്നാല് നടിമാരടക്കം വസ്ത്രം മാറുന്ന സ്ഥലമാണ് ഇതെന്നതിനാൽ വേണ്ടെന്ന് വച്ചു. ഇടയ്ക്ക് കാരവാനിൽ ഒളിക്യാമറ വച്ച് പിടിക്കപ്പെട്ട സംഭവം പുറത്തു വരികയും ചെയ്തിരുന്നു.
ഷോട്ട് എടുത്തു കഴിഞ്ഞാൽ, ലഹരി ഉപയോഗിക്കുന്നവർ പിന്നെ കാരവാനിലാകും സമയം ചെലവിടുക. ഇവരുടെ അടുത്തേക്ക് ആരൊക്കെ പോകണമെന്ന് തീരുമാനിക്കാൻ ശിങ്കിടികൾ ഉണ്ടാകും. അതേസമയം, ലഹരി ഉപയോഗത്തിന്റെ പേരിൽ കാരവൻ സംസ്കാരം മാറ്റുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതു പോലൊയാണെന്നാണ് സിനിമ സംഘടനകളിലൊന്നിന്റെ ഭാരവാഹി അഭിപ്രായപ്പെട്ടത്. ഇന്ന് കാരവൻ ഇല്ലാതെ പറ്റില്ല. അത് സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ലഹരി ഉപയോഗം തടയുന്നതിന് മറ്റു മാർഗങ്ങൾ കണ്ടെത്തുകയാണ് പോംവഴിയെന്നും അദ്ദേഹം പറയുന്നു.
∙ നടീനടന്മാർ മാത്രമല്ല
ലഹരിഉപയോഗം കൊണ്ട് കരിയർ തന്നെ അവസാനിച്ച നടിമാർ മലയാള സിനിമയിൽ ഉണ്ടെന്ന് കേട്ടാൽ പലരും അമ്പരക്കും. ലഹരിമുക്ത കേന്ദ്രത്തിലൊക്കെ പോയാണ് അവർ ഇതിൽനിന്നു പുറത്തു കടന്നതും പിന്നീട് വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങിയതും. പലപ്പോഴും ചില നടന്മാരുടെ പേരിൽ മാത്രമാണ് ലഹരി ഉപയോഗത്തിന്റെ പഴി മുഴുവൻ. എന്നാൽ ചിത്രത്തിന്റെ സംവിധായകനടക്കമുള്ള സാങ്കേതിക പ്രവർത്തകർ കൂടി ലഹരി ഉപയോഗിക്കുന്നവരാണെങ്കിലോ? പിന്നെ സെറ്റ് മുഴുവൻ ലഹരിമയമാകും. ഷൂട്ടിങ് നിശ്ചയിച്ച സമയത്ത് നടക്കില്ല. നിർമാതാവിന്റെ പോക്കറ്റും കാലിയായിക്കൊണ്ടിരിക്കും. പിന്നെ നിർമാതാവിന്റെ നഷ്ടം നികത്താനായി മറ്റു ചിലർ കൂടെക്കൂടും. ചിത്രം ഇറങ്ങിയാൽ ഇറങ്ങി എന്നതായിരിക്കും ഒടുവിൽ സംഭവിക്കുക. ഇത്തരത്തിൽ ഒന്നുമല്ലാതായിപ്പോയ ഒട്ടേറെ സിനിമകൾ മലയാളത്തിലുണ്ട്.
എന്നാൽ ചില സംവിധായകരുണ്ട്, ലഹരി ഉപയോഗിച്ചാലും ജോലികൾ കൃത്യമായി നടക്കും. ലഹരി ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് അവർ. ഇവർക്കൊപ്പം സഹകരിക്കുന്ന, ലഹരി ഉപയോഗിക്കാത്ത നടീനടന്മാരും സാങ്കേതിക പ്രവർത്തകരും പതിയെ ഇതിലേക്ക് ആകൃഷ്ടരായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ജോലി ചെയ്യാമെങ്കിൽ പിന്നെ ലഹരി ഉപയോഗിച്ചാലെന്ത് എന്നു കരുതുന്ന അവർ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ ഇത് അവതരിപ്പിക്കുന്നതോടെ കാര്യങ്ങൾ കൈയിൽനിന്നു പോകും. അങ്ങനെ, ആരും വിളിക്കാതെ കരിയർ അവസാനിച്ചുപോയ സാങ്കേതിക പ്രവർത്തകരുമുണ്ട്.
∙ ഒരു കാലത്ത് മദ്യമായിരുന്നെങ്കിൽ
മലയാള സിനിമയിലെ മദ്യപാനികളായ നടീനടന്മാരെക്കുറിച്ചും സാങ്കേതിക പ്രവർത്തകരെക്കുറിച്ചുമുള്ള കഥകൾക്ക് യാതൊരു പഞ്ഞവുമില്ല. ചിലരൊക്കെ കരൾരോഗം വന്ന് അകാലത്തിൽ മരിച്ചു. ഒരിക്കൽ പോലും മദ്യപിക്കാത്തവരും കരൾ രോഗം വന്ന് മരിച്ചിട്ടുണ്ട്. പക്ഷേ മരണത്തിൽ അവർക്കും മദ്യപാനി എന്ന ചീത്തപ്പേരോടെ കടന്നു പോകേണ്ടി വന്നു. ദേശീയ തലത്തിൽ വരെ അറിയപ്പെട്ട ഒരു ഛായാഗ്രാഹകൻ മരിച്ചു പോയത് അമിത മദ്യപാനം കൊണ്ടായിരുന്നു. വേഗം, മികച്ച രീതിയിൽ ജോലി ചെയ്യുന്നയാളായിരുന്നതിനാൽ ഇഷ്ടംപോലെയായിരുന്നു അവസരങ്ങൾ. എന്നാൽ മദ്യപാനം ഇതെല്ലാം തകർത്തു. ‘ഷക്കീല തരംഗ’ത്തിനു പിന്നാലെ അത്തരം പടങ്ങൾ എടുത്തിരുന്നവരായിരുന്നു ഈ ഛായാഗ്രാഹകന് അവസാനകാലത്ത് ജോലി നൽകിയിരുന്നത്. പ്രതിഫലം ചെറിയ പൈസയും മദ്യവും.
മദ്യപാനത്തിന്റെ സ്ഥാനത്ത് ഇന്ന് ഇടംപിടിച്ചിരിക്കുന്നത് ലഹരിമരുന്നാണ്. ലഹരി ഉപയോഗിക്കുന്നു എന്നത് ഒരു കുറവോ പ്രശ്നമോ ആയി പലരും കാണുന്നില്ല. മദ്യപാനവും ലഹരി ഉപയോഗവുമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളായതിനാൽ അതിലൊക്കെ ഇടപെടുന്നതിൽ പരിമിതി ഉണ്ടെന്നാണ് സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലൊരാൾ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവരോട് സെറ്റിൽ അത് ഉപയോഗിക്കരുതെന്ന് നമുക്ക് പറയാമെങ്കിലും ചിലരുടെ കാര്യത്തിൽ അതുപോലും നടക്കില്ല. പലപ്പോഴും അവരെ മാറ്റി മറ്റൊരാളെ പകരം വയ്ക്കാൻ പറ്റില്ല എന്നതുകൊണ്ടാണത്. ഒരുപാട് കാശുമുടക്കുള്ള ബിസിനസാണ്, എങ്ങനെയെങ്കിലും അതും കുറച്ചു ലാഭവും തിരിച്ചു പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ട് പലതിനും കണ്ണടയ്ക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
∙ എന്തു ചെയ്യും ചേംബർ, ഫെഫ്ക, അമ്മ?
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് സെറ്റിൽ അപമര്യാദയായി പെരുമാറി എന്ന വിൻ സി അലോഷ്യസിന്റെ പരാതി ഈ സംഘടനകള്ക്കു മുമ്പാകെയുണ്ട്. നടന് കുറച്ചു കാലത്തേക്ക് വിലക്ക് വരാം, നല്ലനടപ്പിനു വിടാം തുടങ്ങിയ സാധ്യതകളുണ്ട്. എന്നാൽ ഇതുകൊണ്ട് സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തടയാൻ കഴിയുമോ? എളുപ്പമല്ല എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. നേരത്തേ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള ആലോചന ചേംബർ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇത് സിനിമ എന്ന പ്രോസസിനെത്തന്നെ ഇല്ലാതാക്കും എന്ന പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഷാഡോ പൊലീസ് ഷൂട്ടിങ് സ്ഥലത്ത് വരുന്നതും പൊലീസും എക്സൈസുമൊക്കെ നിരന്തരം സെറ്റുകളിൽ കയറിയിറങ്ങുന്നതും ഒട്ടും ആരോഗ്യകരമല്ല എന്നായിരുന്നു ഉയർന്ന അഭിപ്രായം. ഇതോടെ ഈ തീരുമാനം വേണ്ടെന്നു വച്ചു.
എന്നാൽ പൊലീസ് പരിശോധനയും മറ്റും ഇനി ഒഴിവാക്കാൻ സാധിച്ചേക്കില്ല എന്ന സൂചനയും ഈ മേഖലയിലുള്ളവർ തരുന്നുണ്ട്. കൂട്ടായ തീരുമാനമുണ്ടെങ്കിൽ മാത്രമേ ലഹരി ഉപയോഗം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാൻ സാധിക്കൂ എന്നാണ് എല്ലാ സംഘടനകളും പറയുന്നത്. ലഹരി അത് ഉപയോഗിക്കുന്നവരിലേക്ക് എത്തുന്നത് തടയുക എന്ന പോംവഴിയും ആലോചനയിലുണ്ട്. സിനിമ മേഖലയിലുള്ളവർക്ക് തങ്ങളുടെ പ്രശസ്തി മൂലം പലപ്പോഴും മറ്റുള്ളവർക്ക് ലഭിക്കുന്ന വിധത്തിൽ ലഹരി ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ സെറ്റുകളിൽ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന പലരും ഇതിന്റെ വാഹകരാകുന്നുണ്ട്. അത്രയേറെ ഇടനിലക്കാരാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഹരി എത്തിക്കാൻ കാത്തുനിൽക്കുന്നതും. അടുത്തിടെ ആലപ്പുഴയിൽ പിടിയിലായ ലഹരി കടത്തുകാരി ഒരു നടനെ പരിചയപ്പെട്ടത് കോഴിക്കോട്ടുള്ള ഒരു സെറ്റിൽ വച്ചാണെന്ന് പറഞ്ഞ കാര്യവും പുറത്തു വന്നിരുന്നു.