
തൃശ്ശൂർ: ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി. താരത്തോട് നാളെ എറണാകുളം ടൗൺ നോര്‍ത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയതെന്ന് പൊലീസ് പിന്നീട് പ്രതികരിച്ചു.
‘അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,’ – എന്നും ഷൈൻ്റെ പിതാവ് ചാക്കോ പ്രതികരിച്ചു.
ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ഹാജരാകാന്‍ കൂടുതല്‍ സമയം നല്കിയാൽ അത് വിമർശിക്കപ്പെടും എന്നതിനാലാണ് നാളെ തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടത്.
വിന്‍സി അലോഷ്യസിന്റെ പരാതി അന്വേഷിക്കുന്ന സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈന്‍ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്നും ചാക്കോ അറിയിച്ചു. ഷൈന്റെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് താര സംഘടന അമ്മയും. ഷൈൻ അടക്കം 8 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ അഡ്വ ജനറലിന്റെ ഓഫീസും തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]