
മാംസാഹാരത്തിനു വിലക്ക്: മറാത്തികളും ഗുജറാത്തികളും തമ്മിൽ തർക്കം; വൃത്തികെട്ടവരെന്ന് അധിക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ഘാട്കോപ്പറിൽ മറാത്തികളും ഗുജറാത്ത് സ്വദേശികളും തമ്മിൽ തർക്കം. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികൾ മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു തർക്കം. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീട്ടിൽ മാംസവും മീനും പാചകം ചെയ്യരുതെന്ന് ഗുജറാത്ത് സ്വദേശികൾ ഭീഷണിപ്പെടുത്തിയതിനാൽ പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് അപ്പാർട്ട്മെന്റിലെ താമസക്കാരായ മറാത്തി കുടുംബങ്ങൾ പറഞ്ഞിരുന്നു. തുടർന്ന്, ഭക്ഷണത്തിന്റെ പേരിൽ മറാത്തികളെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ ഗുജറാത്തികളെ ആക്രമിച്ചതായി പരാതിയുണ്ട്. എംഎൻഎസ് നേതാവ് രാജ് പാർട്ടെ ഗുജറാത്തികളെ വൃത്തികെട്ടവരെന്ന് അധിക്ഷേപിക്കുന്നതും വിഡിയോയിലുണ്ട്. അപ്പാർട്ട്മെന്റിൽ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ഒരു വിലക്കുമില്ലെന്നും താമസക്കാരിൽ ഒരാൾ പ്രതിഷേധക്കാരോടു പറയുന്നതും വിഡിയോയിലുണ്ട്.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും താമസക്കാർ പരാതി നൽകാത്തതിനെ തുടർന്ന് കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഭക്ഷണത്തിന്റെ പേരിൽ പല ഭവനസമുച്ചയങ്ങളിലും മറാത്തികൾ വിവേചനം നേരിടുന്നെന്ന് എംഎൻഎസും ശിവസേനയും നേരത്തേ ആരോപിച്ചിരുന്നു.