
കണ്ണൂർ: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് പരോക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരിൽ ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും അണിനിരന്ന് വിശ്വാസി സമൂഹം
പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രാർത്ഥനയും നടന്നു. മുനമ്പം സമരം മുതൽ സെക്രട്ടറിയേറ്റ് പടിക്കലെ ആശാ വർക്കർമാരുടെ പോരാട്ടത്തെവരെ ഓർമ്മിപ്പിച്ചായിരുന്നു സഭാ മേലധ്യക്ഷൻമാരുടെ സന്ദേശം.
തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകൾ സംയുക്തമായാണ് കുരിശിന്റെ വഴി നടത്തിയത്. പാളയം സെന്റ് ജോസഫ് കത്തിഡ്രലിൽ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും ആച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നൽകി.
കോഴിക്കോട് ദേവമാതാ കത്തിഡ്രലിൽ നിന്നാണ് കുരിശിന്റെ വഴി തുടങ്ങിയത്. പീഡാനുഭവത്തിന്റെ 14 ഇടങ്ങളിൽ പ്രാർത്ഥനകൾ പൂർത്തിയാക്കി യാത്ര സെന്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സഭാ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴുർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
‘ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കും, കുരിശ് മതചിഹ്നം മാത്രമല്ല, രക്ഷയുടെ അടയാളം’; കാതോലിക്ക ബാവ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]