
നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക ; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ; പൊതുജനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ ഇവയൊക്കെ…
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം ആരംഭിച്ചു. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്ജന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
താറാവ്,കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി,നെടുമുടി, ചമ്പക്കുളം,അമ്പലപ്പുഴ തെക്ക്,തകഴി,ചെറുതന, വീയപുരം,തലവടി,മുട്ടാര്‍, രാമങ്കരി,വെളിയനാട്, കാവാലം,അമ്പലപ്പുഴ വടക്ക്,നീലംപേരൂര്‍, പുന്നപ്ര തെക്ക്,പുറക്കാട്, പുളിങ്കുന്ന്,തൃക്കുന്നപ്പുഴ, കുമാരപുരം,ചിങ്ങോലി, ചേപ്പാട്,ചെന്നിത്തല, കരുവാറ്റ,ഹരിപ്പാട്, മാന്നാര്‍,കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്,എടത്വ, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി,വാഴപ്പള്ളി, കടപ്ര,നെടുമ്പ്ര,പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി,കാട മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട,ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.
നിര്‍ദേശങ്ങള്‍ ചുവടെ:
# ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
# രോഗത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും മാസ്കും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.
# കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്.
# നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
# നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തില്‍ അറിയിക്കുക.
# പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ ബന്ധപെടുക .
# വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
# വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
# രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
# ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെര്‍മാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.
# അണു നശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്.
# നിരീക്ഷണ മേഖലയില്‍ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
# ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
# പകുതി വേവിച്ച (ബുള്‍സ് ഐ പോലുള്ളവ ) മുട്ടകള്‍ കഴിക്കരുത് .
# പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്.
# രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്ക്കുകയോ അരുത്.
കൺട്രോൾ റൂം ഫോൺ നമ്പർ: 0477-2252636
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]