
രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ രാജ്യമൊട്ടാകെ മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ച സംഭവം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഡിജിറ്റല്‍ പ്രൊജക്ഷന് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ നിര്‍മ്മാതാക്കളുമായുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായാണ് പിവിആര്‍ മലയാള സിനിമകള്‍ രണ്ടര ദിവസത്തോളം ബഹിഷ്കരിച്ചത്. 11 ന് ആരംഭിച്ച ബഹിഷ്കരണം 13-ാം തീയതി വൈകിട്ടാണ് അവസാനിച്ചത്. വ്യവസായി എം എ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരമായത്. ഇപ്പോഴിതാ വിഷയത്തില്‍ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തെലുങ്ക് സിനിമയിലെ നിര്‍മ്മാതാക്കള്‍.
മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള മലയാള ചിത്രങ്ങളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ ആന്ധ്രയിലും തെലങ്കാനയിലും വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. മലയാള സിനിമാ ബഹിഷ്കരണത്തിന്റെ ഭാഗമായി 11 മുതല്‍ പ്രശ്നം പരിഹരിക്കപ്പെട്ട 13 വരെ തെലുങ്ക് ഡബ്ബിംഗ് പതിപ്പുകളുടെ പ്രദര്‍ശനവും പിവിആര്‍ നിര്‍ത്തിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെലുങ്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
“ഒരു മള്‍ട്ടിപ്ലെക്സ് ചെയിന്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ഏകപക്ഷീയമായി അവസാനിപ്പിച്ചതിനെ ഞങ്ങള്‍ അപലപിക്കുന്നു. നീതിപൂര്‍വ്വമായ ബിസിനസ് നടത്തുന്നതിന് കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു. നമ്മള് ഒരുമിച്ച് നില്‍ക്കണം”, ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തു. മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്ക് പതിപ്പിന്റെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ശശിധര്‍ റെഡ്ഡി ഈ വിഷയം തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സില്‍ കഴിഞ്ഞ വാരം ഉന്നയിച്ചിരുന്നു. കേരളത്തിലെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തിന്റെ പേരില്‍ പിവിആര്‍ തെലുങ്ക് മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. അത് എങ്ങനെ സാധിക്കുമെന്നും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അടിയന്തിര യോഗം കൂടുന്നുമുണ്ട്.
തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുളള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്. എന്നാൽ ഇതിനുളള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. പുതിയതായി നിര്‍മ്മിക്കുന്ന തിയറ്ററുകള്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഫോറം മാളില്‍ പിവിആര്‍ ആരംഭിച്ച പുതിയ മള്‍ട്ടിപ്ലെക്സിലും ഈ സംവിധാനം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ഫോറം മാളിലെ മള്‍ട്ടിപ്ലെക്സില്‍ യുഎഫ്ഒ, ക്യൂബ് വഴിയാണ് പ്രദർശനമെന്നും നിർമാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കള്‍ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിക്കപ്പെട്ടത്. 14-ാം തീയതിയോടെ പിവിആറില്‍ സാധാരണ നിലയില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
Last Updated Apr 18, 2024, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]