
ഇടുക്കി: മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട, ഇടുക്കിയിലെ 11 കുടുംബങ്ങൾക്ക് ആറുവർഷം കഴിയുമ്പോഴും കിടപ്പാടമായില്ല. സർക്കാർ അനുവദിച്ച നാലുലക്ഷം രൂപ തികയാതെ വന്നതിനാൽ വീടുപണി പാതിവഴിയിൽ മുടങ്ങിയ അവസ്ഥയിലാണ് ഇവര്‍ കഴിയുന്നത്. വീടുപണിക്കായി വെള്ളം വരെ വില കൊടുത്ത് വാങ്ങേണ്ടതിനാൽ നിർമ്മാണം തുടരാനാകാതെ വിഷമിക്കകയാണിവർ.
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്ക് മണിയാൻകുടിയിൽ നാലര സെൻറ് ഭൂമി വീതം സർക്കാർ അനുവദിച്ചിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയ സ്ഥലം വീതിച്ച് നൽകുകയായിരുന്നു.
വീട് വയ്ക്കാൻ നാലുലക്ഷം രൂപയും നൽകി. വഴിയും വെള്ളവും എത്തിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ച് എട്ടുപേർ വീടു പണി തുടങ്ങി. എന്നാൽ കിട്ടിയ തുക ഉപയോഗിച്ച് പകുതി പണി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
പാതിവഴിയിൽ പണി നിലച്ച വീടുകൾ കാടുകയറി നശിക്കുകയാണിപ്പോള്‍. വഴിയില്ലാത്ത പ്രദേശത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാൻ തന്നെ വൻ തുകയാണ് ഇവര്‍ക്ക് ചിലവായത്. മറ്റ് മാര്‍ഗങ്ങളില്ലാതെ കടം വാങ്ങി ഭാഗികമായി വീടുപണി പൂർത്തിയാക്കിയ രണ്ടു പേർ മാത്രമാണിവിടെ താമസിക്കുന്നത്.
വെള്ളവും കറണ്ടുമില്ലാത്തത് ഇവരുടെ ദുരിതജീവിതത്തിന് പിന്നെയും തിരിച്ചടിയാകുന്നു. പോകാൻ മറ്റ് ഇടങ്ങളുള്ളവരെല്ലാം പോയി, എങ്ങും പോകാനില്ലാത്തവര്‍ ഈ പ്രയാസങ്ങളോടെല്ലാം മല്ലിട്ട് ഇവിടെ തുടരുകയാണ്.
വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇവർക്ക് സ്ഥലം നൽകിയതിനാൽ വീടിനായി നാലുലക്ഷം നൽകാനേ കഴിയൂ എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഇനിയും എന്തെങ്കിലും സഹായമെത്തിയില്ലെങ്കില്‍ പ്രതിഷേധവുമായി അധികൃതരെ സമീപിക്കുമെന്നാണ് പറയുന്നത്.
വാര്‍ത്തയുടെ വീഡിയോ:-
Last Updated Mar 17, 2024, 3:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]