
ബംഗളൂരു: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കർണാടക ബിജെപിയിൽ പൊട്ടിത്തെറി. മകൻ കെ ഇ കാന്തേഷിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ മകനെതിരെ ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ നിന്ന് പിണങ്ങിയിറങ്ങാൻ ഒരുങ്ങിയതാണ് കെ എസ് ഈശ്വരപ്പ. ശിവമൊഗ്ഗ മണ്ഡലത്തിൽ മകന് സീറ്റ് നിഷേധിച്ചതായിരുന്നു അന്നും ഈശ്വരപ്പയുടെ പ്രശ്നം. ബിജെപിയിൽ നിന്ന് എന്തുകൊണ്ട് രാജിവയ്ക്കുന്നു എന്ന് വിശദമായി പറഞ്ഞുകൊണ്ട് ജെ പി നദ്ദയ്ക്ക് ഒരു കത്തുമെഴുതി ഈശ്വരപ്പ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്നം പരിഹരിക്കാമെന്ന സമവായത്തിൽ ഈശ്വരപ്പയെ അന്ന് ബിജെപി സംസ്ഥാനനേതൃത്വം സമാധാനിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈശ്വരപ്പയെ നേരിട്ട് ഫോണിൽ വിളിച്ചു. പാർട്ടിക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞു. ഈശ്വരപ്പയും സംഘവും വൻ തുക കമ്മീഷൻ ചോദിച്ചെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത സന്തോഷ് പാട്ടീലെന്ന കോൺട്രാക്ടറുടെ മരണത്തെത്തുടർന്ന് നിൽക്കക്കള്ളിയില്ലാതെയാണ് കഴിഞ്ഞ ബിജെപി മന്ത്രിസഭയിൽ നിന്ന് ഈശ്വരപ്പ രാജി വച്ചത്. ഇപ്പോൾ ലോക്സഭാ സീറ്റ് മകന് കിട്ടില്ലെന്നായപ്പോൾ യെദിയൂരപ്പയുടെ മകൻ രാഘവേന്ദ്രയ്ക്കെതിരെ താൻ തന്നെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കുന്നു ഈശ്വരപ്പ. ഈശ്വരപ്പയുമായി യെദിയൂരപ്പ തന്നെ സമവായചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന മട്ടില്ല
Last Updated Mar 17, 2024, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]