
തിരുവനന്തപുരം: പുറംകടലിൽ യന്ത്രത്തകരാർ മൂലം കുടുങ്ങിപ്പോയ വിദേശ കപ്പലിന് വിഴിഞ്ഞം തുറമുഖം അധികൃതർ തുണയായി. കുക്ക് ഐലന്റ് ഫ്ലാഗ് വൈ.എൽ. ഡബ്ല്യു എന്ന ബിറ്റുമിൻ ടാങ്കർ കപ്പലിനാണ് വിഴിഞ്ഞത്ത് നിന്നും സഹായം നൽകിയത്. ഇന്ധന പമ്പ് കേടായതിനെ തുടർന്ന് അഞ്ച് ദിവസമായി വിഴിഞ്ഞത്ത് തുടരുകയായിരുന്നു.
ഗുജറാത്തിൽ നിന്നും കരമാർഗം വിഴിഞ്ഞത്ത് എത്തിച്ച സ്പെയർ പമ്പ് തുറമുഖത്തിന്റെ ധ്വനി ടഗ് ഉപയോഗിച്ചാണ് കപ്പലിൽ എത്തിച്ചത്. കൊൽക്കത്തയിലെ ഹൽദിയ തുറമുഖത്തു നിന്ന് ഷാർജയിലേക്ക് പോകുകയായിരുന്ന കപ്പലിൽ നിന്നും സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഡോവിൻസ് റിസോഴ്സ് എന്ന ഷിപ്പിംഗ് ഏജൻസി തുറമുഖ അധികൃതരെ സമീപിച്ചെങ്കിലും ധ്വനി ടഗിന്റെ സർവ്വേ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ടഗ് ആദ്യം അനുവദിച്ചിരുന്നില്ല.
തുടർന്ന് തുറമുഖ അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ ടഗിന്റെ സർവ്വേ നടപടികൾ പൂർത്തിയാക്കിയാണ് കപ്പലിലേക്ക് സഹായം എത്തിച്ചത്. തുറമുഖ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി പമ്പ് കപ്പലിൽ എത്തിച്ചു. തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യപ്റ്റൻ അശ്വനി പ്രതാപ്, വിഴിഞ്ഞം തുറമുഖത്തിന്റെ ചാർജുള്ള പർസർ വിനുലാൽ , ധ്വനി ടഗിന്റെ ചാർജുള്ള എഞ്ചിനീയർ മരിയപ്രോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 18 മണിക്കൂർ നീണ്ട ദൗത്യം പൂർത്തിയാക്കിയത്. തുറമുഖ ചാർജ്ജിനത്തിൽ 75000 രൂപയാണ് വരുമാനമായി തുറമുഖത്തിന് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]