
പത്തനംതിട്ട: പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാർത്ഥിയെ സംബന്ധിച്ച് എൻ ഡി എയിൽ ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു. പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിനോടുള്ള എതിർപ്പ് ബിഡിജെഎസ് ശക്തമാക്കുകയാണ്.
എൽഡിഎഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്റോ ആന്റണിയും തയ്യാറായിക്കഴിഞ്ഞു. എന്നാൽ എൻഡിഎയിൽ അടിമുടി ആശയക്കുഴപ്പമാണ്. ബിജെപി നടത്തിയ അഭിപ്രായ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി. മുതിർന്ന നേതാവ് പി കെ കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. സിപിഎമ്മിലും കോൺഗ്രസ്സിലും പ്രമുഖർ കളത്തിലിറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സർവേയിൽ ഉയർന്നു. മാത്രമല്ല എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. വെള്ളാപ്പള്ളി നടേശൻ പിസിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നിലും ബിഡിജെഎസ് നേതാക്കളുടെ താൽപര്യമാണ്.
പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി സി ജോർജ്ജ് ബിജെപി പാളയത്തിലെത്തിയത്. എന്നാൽ അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജ്ജിന് എതിരാണ്. കോട്ടയം സീറ്റിലേക്ക് പിസിയെ മാറ്റാം എന്ന് കരുതിയാൽ അവിടെയും ബിഡിജെഎസ്സാണ് തടസ്സം. തുഷാർ വെള്ളാപ്പള്ളി തന്നെ കോട്ടയത്ത് മത്സരിക്കാൻ തയ്യാറെടുക്കുന്നു. എന്തായാലും പി സി ജോർജ്ജിന് സീറ്റ് ഉറപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതുവഴികൾ തേടേണ്ടിവരും.
Last Updated Feb 18, 2024, 9:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]