
ആധുനിക ചികിത്സാരംഗത്ത് റോബോട്ടുകളുടെ പങ്ക് എടുത്തുപറയേണ്ടതില്ല. പല ശസ്ത്രക്രിയകളും ഇന്ന് റോബോട്ടുകളുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത് തന്നെ. ഇനിയും ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന കാഴ്ചയും നിലവില്‍ കാണാം.
റോബോട്ടുകളെ ചികിത്സാസംവിധാനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് ഏറെ വിജയം കണ്ട രീതി തന്നെയാണ്. എന്നാല്‍ ഇവ കൃത്യമായ രീതിയില്‍ അനുശാസിക്കുംവിധത്തിലല്ല നടത്തപ്പെടുന്നത് എങ്കില്‍ അത് പ്രശ്നം തന്നെയാണ്.
ഇത്തരമൊരു സംഭവമാണ് ഇപ്പോള്‍ യുഎസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റോബോട്ടിന്റ സഹായത്തോടെ നടന്ന ശസ്ത്രക്രിയയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് ഭാര്യ മരിച്ച സംഭവത്തില്‍ കേസുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ്. മലാശയ ക്യാൻസര്‍ ആയിരുന്നുവത്രേ സാന്ദ്ര സള്‍സര്‍ എന്ന സ്ത്രീക്ക്. കുടലില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച റോബോട്ടിക് ഉപകരണം സാന്ദ്രയുടെ ആന്തരീകാവയവങ്ങളില്‍ പരുക്കേല്‍പിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ക്ക് പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഹാര്‍വേ സള്‍സര്‍ പറയുന്നു.
മനുഷ്യകരങ്ങളെക്കാള് സൂക്ഷ്മമായി സര്‍ജറി ചെയ്യാൻ കഴിവുള്ള ഉപകരണം എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പരസ്യത്തില്‍ പറഞ്ഞിരുന്നത് എന്നും ഇതിന് ഇത്തരത്തിലുള്ള പോരായ്മകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് എന്തുകൊണ്ട് കമ്പനിക്ക് കണ്ടെത്താനായില്ല എന്നും ഹാര്‍വേ ചോദിക്കുന്നു. 62 ലക്ഷം രൂപ നഷ്ടപരിഹാരമായി കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇദ്ദേഹം.
2022 ഫെബ്രുവരിയിലാണ് സാന്ദ്ര മരിച്ചത്. ഈ റോബോട്ട് ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയുടെ ആന്തരീകാവയവങ്ങള്‍ക്ക് കേട് വരുത്തിയേക്കാമെന്ന വിവരം കമ്പനിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്നും ഹാര്‍വേ തന്റെ പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഏതായലും റോബോട്ടിനെ ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയയിലെ പിഴവിന്റെ പേരില്‍ വന്നിരിക്കുന്ന കേസ് വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നതും ചര്‍ച്ചാവിഷയമാകുന്നതും.
ചിത്രം : എഎഫ്പി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 17, 2024, 5:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]