ബിജ്നോർ: വീട്ടുകാർ തടങ്കലിലാക്കി വച്ചിരുന്ന യുവതിക്ക് രക്ഷകരായി പൊലീസ്. മൊറാദാബാദിലെ മുൻ കൗൺസിലറുടെ മകളെയാണ് പൊലീസ് രക്ഷിച്ചത്. താൻ വീട്ടുതടങ്കലിലാണെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും ഡി ജി പിയേയും എ ഡി ജി പിയേയും ടാഗ് ചെയ്തുകൊണ്ട് യുവതി എക്സിൽ ഒരു പോസ്റ്റിട്ടിരുന്നു.
ഇരുപത്തിരണ്ടുകാരി മൊറാദാബാദിലെ സിവിൽ ലൈനിൽ അഗ്നപൂരിലാണ് താമസിക്കുന്നത്. യുവതിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൊലീസ് വീട്ടിലെത്തുകയും മോചിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ പ്രണയ ബന്ധമറിഞ്ഞ മൂന്ന് സഹോദരങ്ങൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ബിരുദധാരിയായ താൻ ഇരുപത്തിനാലുകാരനുമായി പ്രണയത്തിലാണെന്നും അയാളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്നും പരാതിയിലുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞു. അതോടെ തന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു. കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സഹോദരന്മാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, വീട്ടുതടങ്കലിലാക്കെയെന്ന കാര്യം യുവതി നിഷേധിച്ചതായി സിവിൽ ലൈൻ സ്റ്റേഷൻ എസ് എച്ച് ഒ പറഞ്ഞു. ‘ഇരുപത്തിരണ്ടുകാരി വീട്ടുതടങ്കലിലാണെന്ന് പറഞ്ഞുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഉടൻ തന്നെ യുവതിയോട് സംസാരിച്ചു. എന്നാൽ ബന്ദിയാക്കിവച്ചിരിക്കുകയാണെന്ന കാര്യം അവൾ നിഷേധിച്ചു. എന്നിരുന്നാലും സഹോദരന്മാർ ഭീഷണിപ്പെടുത്തുന്നതായി മൊഴി നൽകി. തനിക്ക് പ്രായപൂർത്തിയായതാണെന്നും യുവതി സ്ഥിരീകരിച്ചു. പിന്നാലെ പരാതിയും നൽകിയിട്ടുണ്ട്.’- എസ് എച്ച് ഒ വ്യക്തമാക്കി.