നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പത്മപ്രിയ. തന്റെ ഭർത്താവ് ജാസ്മിൻ ഷായെക്കുറിച്ച് നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ഡയലോഗ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ മുൻ വൈസ് ചെയർപേഴ്സണും ആം ആദ്മി പാർട്ടി നേതാവുമാണ് ജാസ്മിൻ ഷാ.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ‘എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയ ദിവസം തന്നെ മനസാവരിച്ചിരുന്നു. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിനും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കാൻ അദ്ദേഹം ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു. ആ മൂല്യങ്ങളാണ് എന്നെ അദ്ദേഹവുമായി ഒന്നിപ്പിച്ചത്. ‘- ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
‘ജാസ്മിന് ഒരു കോർപ്പറേറ്റ് കരിയർ തിരഞ്ഞെടുക്കാമായിരുന്നു. അതുവഴി ഒരുപാട് സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ മൂല്യങ്ങളാൽ നിർവചിക്കപ്പെട്ട ഒരു പാത അദ്ദേഹം തിരഞ്ഞെടുത്തു. ഫിസിക്കലി ഹോട്ടാണ് എന്നതിനൊപ്പം
സ്വാർത്ഥ താത്പര്യങ്ങളൊന്നുമില്ലാത്ത രാഷ്ട്രീയക്കാരനാണ്.’- പത്മപ്രിയ വ്യക്തമാക്കി.
‘ഞാൻ സജീവ രാഷ്ട്രീയക്കാരിയല്ല. നാളെ എനിക്ക് കോൺഗ്രസിനോ മറ്റേതെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യാം. ആശയങ്ങൾ അടിച്ചേൽപ്പിക്കാറില്ല. അതാണ് ആരോഗ്യകരമായ ബന്ധത്തിന്റെ സൗന്ദര്യം.’- അവർ പറഞ്ഞു. ‘ദ ഡൽഹി മോഡൽ’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ജാസ്മിൻ ഷാ.’ആ പുസ്തകം എഴുതാനുള്ള അദ്ദേഹത്തിന്റെ യാത്രയുടെ ഭാഗമാണ് താനെന്നും പത്മപ്രിയ പറയുന്നു.