പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നബീസയുടെ പേരക്കുട്ടി കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ വീട്ടിൽ ബഷീർ (33), ഭാര്യ കണ്ടമംഗലം സ്വദേശി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടിൽ മമ്മിയുടെ ഭാര്യ നബീസയെ (71) നോമ്പുകഞ്ഞിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ബഷീർ ഒന്നാം പ്രതിയും ഫസീല രണ്ടാം പ്രതിയുമാണ്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. തെളിവ് നശിപ്പിച്ചതിന് ബഷീറിന് ഏഴുവർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഏകദേശം 35 സാക്ഷികളെ വിസ്തരിച്ചിരുന്നു.
വിധിയിൽ തൃപ്തനാണെന്ന് കേസിലെ പ്രോസിക്യൂട്ടർ പി ജയൻ പറഞ്ഞു. നേരിട്ടുള്ള തെളിവുകൾ ഇല്ലാതെ സാഹചര്യ തെളിവുകൾ കൊണ്ടുമാത്രമാണ് കേസ് മുന്നോട്ട് പോയത്. കേസിൽ ദൃക്സാക്ഷികൾ ആരുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷനെ സഹായിച്ചത്. ആത്മഹത്യയാണെന്ന വാദമാണ് കേസിൽ പ്രധാനമായും ഉയർന്നത്. എന്നാൽ സ്വയം വിഷം കഴിച്ചതല്ലെന്നും വിഷം കുടിപ്പിച്ചതാണെന്നും കോടതിക്ക് ബോദ്ധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ജൂൺ 24നാണ് ആര്യമ്പാവ്- ഒറ്റപ്പാലം റോഡിൽ നായാടിപ്പാറയ്ക്ക് സമീപത്തെ റോഡരികിൽ നബീസയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് നാലുദിവസം മുമ്പ് നബീസയെ, ബഷീർ മണ്ണാർക്കാട് നമ്പ്യയൻകുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
22ന് രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്നുചേർത്ത് നബീസക്ക് നൽകി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് വായിലേക്ക് വിഷമുള്ള കഞ്ഞി കുടിപ്പിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചശേഷം മൃതദേഹം ഒരുദിവസം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24ന് രാത്രി ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം ആര്യൻപാവിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കിൽ ഫസീല പലതവണ എഴുതിയിരുന്നതായും ഇത് പേപ്പറിലേക്ക് പകർത്തിയെഴുതിയത് ബഷീറാണെന്നും പിന്നീട് പൊലീസ് കണ്ടെത്തി. എഴുത്തും വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്ന് കത്ത് കണ്ടെടുത്തത് അന്വേഷണത്തിൽ വഴിത്തിരിവാവുകയായിരുന്നു.
ഭർത്താവിന്റെ പിതാവിന് വിഷപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറയിൽ പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും 2018ൽ കല്ലേക്കാട് ബ്ലോക്കോഫീസിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും പ്രതിയാണ് ഫസീല.