അഴിമതി നിർമ്മാർജനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വടിയെടുക്കുമ്പോഴും അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലിക്ക് ഒരു കുറവുമില്ല. പാലക്കാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വിജിലൻസ് അനധികൃത പണം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ച പുലർച്ചെയും ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വിജിലൻസ് പിടികൂടിയത് 3,26,980 രൂപയാണ്. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം തുടങ്ങി 5 ചെക്പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി തുടങ്ങി ശനിയാഴ്ച പുലർച്ചെ വരെ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ 26 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. പരിശോധന സമയത്ത് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അടുത്ത ചെക്പോസ്റ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ‘ശിക്ഷണനടപടി’ മാത്രമാണ് അധികൃതർ കൈക്കൊള്ളാറ്. ഇതുതന്നെ അധികാരികളുടെ അഴിമതിനിർമാർജനത്തിന്റെ പൊയ്മുഖം വ്യക്തമാക്കുന്നതാണ്.
ഞായറാഴ്ച രാത്രി പത്തു മുതൽ തിങ്കൾ പുലർച്ചെ മൂന്നുവരെ നടത്തിയ പരിശോധനയിൽ മാത്രം വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്ന് 1,27,490 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്ന് 10,500 രൂപയും വിജിലൻസ് കണ്ടെടുത്തു. ഗോപാലപുരത്തു നിന്ന് 21,110 രൂപ, ഗോവിന്ദാപുരത്തു നിന്ന് 10,550 രൂപ, നടുപ്പുണിയിൽ നിന്ന് 7840 രൂപ എന്നിങ്ങനെയും പിടികൂടി. വാളയാർ ഇൻ ചെക്പോസ്റ്റിൽ 6,200 രൂപ എ.എം.വി.ഐ സിബി ഡിക്രൂസിൽ നിന്നാണു കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്നു മുതൽ ശനിയാഴ്ച പുലർച്ചെ മൂന്നുവരെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഉൾപ്പെടെ രണ്ടു ദിവസത്തിനകം വിജിലൻസ് പിടികൂടിയത് 3,26,980 രൂപയാണ്.
തമിഴ്നാടുമായി നീളൻ അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിൽ ആറ് പ്രധാനവഴികളിൽ ആർ.ടി.ഒ ചെക്പോസ്റ്റുകളുണ്ട്. ഇതിനു പുറമേ, എക്സൈസ്, മൃഗസംരക്ഷണവകുപ്പ് ചെക്പോസ്റ്റുകളും. മൂവായിരത്തോളം വാഹനങ്ങൾ പ്രതിദിനം അതിർത്തി കടക്കുന്നുണ്ടെന്നാണ് കണക്ക്. അമിതഭാരത്തിന്റെയും പെർമിറ്റുകളുടെയും കാര്യമാണ് ആർ.ടി.ഒ. ചെക്പോസ്റ്റുകളിൽ പരിശോധിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു അനധികൃതമായി ധാരാളം ക്വാറി ഉത്പന്നങ്ങളും മണ്ണും കേരളത്തിലേക്ക് വരുന്നതായി പരാതിയുയർന്നിരുന്നു. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം ഇടയ്ക്ക് പിടികൂടുന്നത് ഒഴികെ, വാഹനങ്ങൾക്ക് വഴി ‘സുഗമമാക്കി’ കൊടുക്കുന്ന ചെക്പോസ്റ്റ് ഉദ്യോഗസ്ഥരെ പിടികൂടാത്തതും നടപടിയെടുക്കാത്തതും അഴിമതി നിർബാധം തുടരാൻ കാരണമാവുന്നു.
ആശയവിനിയമം ടെലിഗ്രാമിലൂടെ
ചെക്പോസ്റ്റുകളിൽ വാഹനങ്ങളിൽ നിന്നു വാങ്ങുന്ന കൈക്കൂലിപ്പണം കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായ വിശ്വസ്തരെ ഏജന്റുമാരായി നിയമിക്കുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക ഏജന്റുമാരെ കൂടാതെയുള്ള ഈ വിശ്വസ്ഥരുടെ ജോലി, ദിനംപ്രതി കൈക്കൂലിപ്പണം ജില്ലയിൽനിന്നു കടത്തലാണ്. ടെലിഗ്രാം വഴിയാണ് ഏന്റുമാരുമായുള്ള ഉദ്യോഗസ്ഥരുടെ പണമിടപാട് ആശയവിനിമയം. നേരത്തേ ഇതു വാട്സാപ്പിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മൂന്നു മണിക്കൂർ റെയ്ഡിൽ 1.49 ലക്ഷം രൂപ കണ്ടെടുത്തതിനെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യ റെയ്ഡിനു ശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും വിജിലൻസ് പരിശോധനയ്ക്കെത്തിയത്. വിജിലൻസ് പരിശോധന മുന്നിൽ കണ്ട് മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരിലൊരാളെ ചെക്പോസ്റ്റുകൾക്കു മുന്നിൽ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ലോറി ജീവനക്കാർക്കൊപ്പം വേഷംമാറി എത്തിയ ഉദ്യോഗസ്ഥർ മിന്നൽ വേഗത്തിലാണ് ചെക്പോസ്റ്റിനകത്തേക്കു കയറി പരിശോധന നടത്തി പണം പിടിച്ചെടുത്തത്. പരിശോധന നടക്കുമ്പോൾ വാളയാർ ഇൻ മോട്ടർ വാഹന ചെക്പോസ്റ്റിൽ എംവിഐ അടക്കം 5 ഉദ്യോഗസ്ഥരും മറ്റു ചെക്പോസ്റ്റുകളിൽ ഒരു എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
വേഷംമാറിയ വിജിലൻസ് സംഘം കൈക്കൂലി നൽകിയ 55 വാഹനങ്ങൾ പിന്തുടർന്ന് ഡ്രൈവർമാരിൽ നിന്ന് ഇടപാടിന്റെ വിവരങ്ങൾ ശേഖരിച്ചു. 50 മുതൽ 5,000 രൂപ വരെയാണു കൈക്കൂലി നിരക്ക്. ശബരിമല വാഹനങ്ങൾ 3,000 രൂപ നൽകണം. കൈക്കൂലി വിഹിതം കൈപ്പറ്റുന്നവരെക്കുറിച്ചും വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു മണിക്കൂറിൽ ഒരു ലക്ഷംവരെ
ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ, കരിങ്കല്ലുമായി വരുന്ന വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവയിൽ നിന്നു ‘മാമൂൽ’ എന്ന രീതിയിൽ നിർബന്ധ പിരിവു നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വരെയാണ് അഴിമതിപ്പണം കിട്ടുന്നത്. ഇത്തരത്തിൽ പിരിഞ്ഞുകിട്ടുന്ന പണം കൃത്യമായ ഇടവേളകളിൽ ഇടനിലക്കാർ വഴി കൈമാറ്റം ചെയ്യും. വിജിലൻസിനെ വെട്ടിക്കാനായി കൈക്കൂലിപ്പണത്തിനു തുല്യമായ തുക, കൈവശമുണ്ടായിരുന്ന പണമായി ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന രീതിയുമുണ്ടെന്നു വിജിലൻസ് അധികൃതർ പറഞ്ഞു.
സർക്കാരിന്റെ നഷ്ടം കണക്കാക്കാൻ കഴിയുന്നില്ല
വാഹനങ്ങളുടെ സംസ്ഥാനാന്തര യാത്രകൾക്കുള്ള അനുമതി പത്രം (പെർമിറ്റ്) നൽകൽ, രേഖകൾ പരിശോധിക്കൽ, വാഹനങ്ങൾ കൃത്യമായ അളവിലാണോ ചരക്കുകൾ കയറ്റുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. ഇവ ലംഘിച്ച് വരുന്നവയ്ക്ക് പിഴ ചുമത്തലാണ് ചെക്ക് പോസ്റ്റിലെ ജീവനക്കാരുടെ പ്രധാനജോലി. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ (എം.വി.ഐ.) കീഴിൽ മൂന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും (എ.എം.വി.ഐ.) മൂന്ന് ഓഫീസ് അറ്റന്റർ(ഒ.എ)മാരുമാണ് ജോലിയിലുണ്ടാവുക. 24 മണിക്കൂർ പ്രവർത്തിക്കേണ്ട ചെക്ക് പോസ്റ്റിൽ മൂന്ന് ഷിഫ്റ്റുകളായി ജോലി നോക്കേണ്ടതാണെങ്കിലും 12 മണിക്കൂർ, 24 മണിക്കൂർ എന്ന ക്രമത്തിലാണ് ഓരോ ഇൻസ്പെക്ടർമാരും ജോലി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓരോ വാഹനത്തിലും അധികം കയറ്റുന്ന ഒരു ടണ്ണിന് 10,000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1500 രൂപ വീതവും പിഴ ഈടാക്കണമെന്നാണ് ചട്ടം. ശനി, ഞായർ ദിവസങ്ങളിൽ മാത്രം 100 വണ്ടികൾ വരെ പെർമിറ്റിനായി ഇവിടെയെത്താറുണ്ട്. അതുകൊണ്ടുതന്നെ ചെക്ക് പോസ്റ്റിൽ അഴിമതി തിട്ടപ്പെടുത്താനാകാത്തത്ര വലുതാണെന്ന് വിജിലൻസ് സംഘം പറയുന്നു.
കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാനൈറ്റ് ലോഡുകൾ ഈ വഴിയാണെത്തുന്നത്. ഇത്തരം വണ്ടികൾ ഭൂരിപക്ഷവും അധികലോഡുമായാണ് വരിക. ഇവർക്കെല്ലാം ചെറിയ പിഴ ചുമത്തി പകരം പണംവാങ്ങുകയാണ് ചില ഉദ്യോഗസ്ഥർ ചെയ്യുന്നത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വണ്ടികൾ, സിമന്റ്, അരി, നെല്ല്, പഞ്ചസാര, ശർക്കര, തുണിത്തരങ്ങൾ, സാനിറ്ററി ഉത്പന്നങ്ങൾ, ഇരുമ്പ് ഉത്പന്നങ്ങൾ തുടങ്ങിയവ വേറെയും. മെറ്റൽ, എം സാൻഡ്, ഹോളോബ്രിക്സ് തുടങ്ങിയവ ഈ വഴി അന്യസംസ്ഥാനങ്ങളിലേക്കും കയറ്റിപ്പോകുന്നുമുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായി വിജിലൻസിന്റെ മിന്നൽ പരിശോധനകൾ നല്ലതാണ്, പക്ഷേ തുടർനടപടികൾ കർശനമാക്കിയില്ലെങ്കിൽ അഴിമതിയെ തുടച്ചുനീക്കാനാവില്ല.