തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും. മുൻപത്തേതിലും ഇരട്ടിവലിപ്പത്തിലുള്ള “ഋഷിപീഠം” എന്ന പേരിൽ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം സംസ്കരിച്ചത്. 500 കിലോ ഭസ്മവും 50 കിലോ കർപ്പൂരവുമായിരുന്നു ആദ്യം എത്തിച്ചത്. ചടങ്ങുകൾ നടത്താൻ അത് പോരെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും 200 കിലോ പച്ചകർപ്പൂരവും കൂടി എത്തിക്കുകയായിരുന്നു.
ഗോപന്റെ മകൻ സനന്ദൻ അടക്കം മൂന്ന് പേരായിരുന്നു കല്ലറയിൽ ഇറങ്ങി കർമങ്ങൾ ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മുതൽ നടന്ന ചടങ്ങുകളിൽ വിവിധ മഠങ്ങളിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാമ ജപയാത്രയായാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുറന്ന വാഹനത്തിൽ പീഠം തയ്യാറാക്കി അതിൽ ഇരുത്തി കാവി വസ്ത്രം പുതപ്പിച്ചാണ് കൊണ്ടുവന്നത്. മുഖം മറച്ച നിലയിലായിരുന്നു.
ഇഷ്ടിക കൊണ്ട് തയ്യാറാക്കിയ കല്ലറയിൽ ഭസ്മം, കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവയിട്ട് മൃതദേഹം ഇറക്കിവച്ചു. തുടർന്ന് ഭസ്മവും കർപ്പൂരവും ഇട്ടു. ഇതിന് മുകളിലായി സ്ളാബ് കൊണ്ടു മൂടുകയായിരുന്നു. ശിവ പഞ്ചാക്ഷരീമന്ത്രം ചൊല്ലിയായിരുന്നു ചടങ്ങുകൾ.
“ഋഷിപീഠം” തീർത്ഥാടന കേന്ദ്രമാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്ത 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തിൽ പൂജകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. അതേസമയം, ഗോപന്റെ ഫോറൻസിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്ട്ടുകൾ കിട്ടാനുണ്ട്. പൊലീസ് അന്വേഷണം അവസാനിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]