വാഷിംഗ്ടൺ: ബഹിരാകാശ നടത്തം (സ്പേസ് വാക്ക് ) വിജയകരമായി പൂർത്തിയാക്കി നാസ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലെ സഞ്ചാരികളിലൊരാളായ നിക് ഹേഗും വ്യാഴാഴ്ച നടന്ന ആറര മണിക്കൂർ നീണ്ട ദൗത്യത്തിൽ സുനിതയ്ക്കൊപ്പമുണ്ടായിരുന്നു. നിലയത്തിന് പുറത്തെ അറ്റക്കുറ്റപ്പണികൾ ഇരുവരും പൂർത്തിയാക്കി. സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമായിരുന്നു ഇത്. 23നും സുനിതയുടെ ബഹിരാകാശ നടത്തം നിശ്ചയിച്ചിട്ടുണ്ട്. ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത സഹസഞ്ചാരി ബച്ച് വിൽമോറിനൊപ്പം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സ്പേസ് എക്സ് പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തും.