തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി നിലനിർത്തുന്നതിൽ ഡൽഹി ഹൈക്കോടതി വിധി പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘കോടതി പറഞ്ഞതുപോലെ ചെയ്യും. നമ്മുടെ നാടിന്റെ കായിക ഇനമായ കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമാക്കിയതിന് കാരണം ഞാൻ ഒറ്റയൊരാളാണ്. ചെയ്തതിന് തിരിച്ചടി കിട്ടുമെന്ന് ഇപ്പോഴാണ് മനസിലായത്. ജോലി വാഗ്ദാനങ്ങൾ ഉൾപ്പടെ ഒഴിവാക്കി കേരളത്തിനുവേണ്ടി മാത്രം മത്സരിച്ചിട്ടുള്ള ഞാൻ കേരളത്തിനു വേണ്ടിയാണ് എന്നും നിലകൊണ്ടത്.
ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി മത്സരിക്കാൻ അർഹത കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനായിരിക്കും. കേരള വോളിബോൾ അസോസിയേഷനനുമായി ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അറിയിച്ചു.
ഉഷയ്ക്ക് സ്വീകരണം
പി.ടി ഉഷയ്ക്ക് കേരള ഒളിമ്പിക് അസോസിയേഷൻ സ്വീകരണം നൽകി. ചടങ്ങിൽ 38 ാമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്കുള്ള ജേഴ്സി ഉഷ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരിക്കും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കായിക താരത്തിനും നല്കി അനാവരണം ചെയ്തു.
ഐ.ഒ.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വി.സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ അനു കുമാരി,സായ് മേഖല ഡയറക്ടർ ഡോ.ജി.കിഷോർ,ഐ.ഒ.എ സെക്രട്ടറി ജനറൽ എസ്.രാജീവ്,എക്സിക്യൂട്ടീവ് ഡയറക്ടർ രഘുചന്ദ്രൻ നായർ,അദാനി ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഹെഡ്(കേരള)മഹേഷ് ഗുപ്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.