
ബെംഗളൂരു: 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഒരോവറിലെ ആറ് പന്തും സിക്സറിന് പറത്തിയ യുവ്രാജ് സിംഗിനെ നാമെങ്ങനെ മറക്കും. ബ്രോഡിന്റെ ഉറക്കം എന്നേക്കുമായി കെടുത്തിയ യുവിയുടെ ആ വെടിക്കെട്ടിന്റെ പിന്തുടര്‍ച്ചക്കാരനാവാന്‍ പിന്നീട് രാജ്യാന്തര ട്വന്റി 20യില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമായില്ല. എന്നാല്‍ ആറ് സിക്സറുകള്‍ പറത്തിയില്ല എങ്കിലും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യില്‍ ഒരോവറില്‍ 36 റണ്‍സടിച്ച് ഇന്ത്യയുടെ രോഹിത് ശര്‍മ്മയും റിങ്കു സിംഗും റെക്കോര്‍ഡിന് ഒപ്പമെത്തി. രാജ്യാന്തര ടി20യില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡിലാണ് യുവിക്കൊപ്പം രോഹിത്- റിങ്കു സഖ്യം ഇടംപിടിച്ചത്.
ചിന്നസ്വാമിയില്‍ അഫ്ഗാന് പേസര്‍ കരീം ജനാത്ത് ഇന്നിംഗ്സിലെ 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ പന്തില്‍ രോഹിത് ശര്‍മ്മയോട് ഫോര്‍ വഴങ്ങിയ കരീമിന് പിന്നീട് അങ്ങോട്ട് എല്ലാം പിഴച്ചു. അടുത്ത പന്ത് സിക്സറിന് രോഹിത് പറത്തിയപ്പോള്‍ അംപയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു. ഫ്രീഹിറ്റ് പന്തും ഗ്യാലറിയിലെത്തിച്ച് രോഹിത് സംഹാരതാണ്ഡവമാടി. മൂന്നാം പന്തില്‍ രോഹിത് സിംഗിള്‍ നേടിയപ്പോള്‍ നാലും അഞ്ചും ആറും ബോളുകളില്‍ ഹാട്രിക് സിക്സുമായി റിങ്കു സിംഗ് ഇന്നിംഗ്സ് ഫിനിഷ് ചെയ്തു. ഇതോടെ കരീം ജനാത്തിന്റെ ഓവറില്‍ രോഹിത് ശര്‍മ്മയും റിങ്കു സിംഗും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 36 റണ്‍സായി. ഈ ഓവറില്‍ പിറന്നത് അഞ്ച് സിക്സറും ഒരു ഫോറും. ബ്രോഡിനെതിരായ യുവിയുടെ 2007ലെ 36 റണ്‍സിന് പുറമെ 2021ല്‍ അഖില ധനഞ്ജയക്കെതിരെ കീറോണ്‍ പൊള്ളാര്‍ഡ് നേടിയ 36 റണ്‍സും റെക്കോര്‍ഡ് പട്ടികയില്‍ രോഹിത്- റിങ്കു സഖ്യത്തിനൊപ്പമുണ്ട്.
20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 212-4ലെത്തുകയും ചെയ്തു. ഒരവസരത്തില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യ രോഹിത് ശര്‍മ്മ- റിങ്കു സിംഗ് വെടിക്കെട്ടില്‍ 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോറിലെത്തി. 64 പന്തില്‍ രോഹിത് സെഞ്ചുറിയും 36 ബോളില്‍ റിങ്കു അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇരുവരും അസ്സലായി ഇന്നിംഗ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121* ഉം, റിങ്കു സിംഗ് 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]