
കൊൽക്കത്ത: ബാങ്കുകളെ പറ്റിച്ച് കോടികള്‍ തട്ടിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് ഫ്ലാറ്റുകള്‍ 125 തവണ രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനെല്ലാം ഭവന വായ്പയും സംഘടിപ്പിച്ചു. 1.20 കോടി രൂപയാണ് ഇവര്‍ ഒരു സ്വകാര്യ ബാങ്കിനെ മാത്രം കബളിപ്പിച്ച് നേടിയത്. മറ്റ് ആറ് ബാങ്കുകള്‍ കൂടി സമാനമായ വായ്പാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആകെ തുക പത്ത് കോടിക്ക് മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു കെട്ടിടത്തിന്റെ ഉടമയും തട്ടിപ്പ് സംഘത്തിലുണ്ട്. ഇയാള്‍ ഫ്ലാറ്റുകള്‍ വില്‍ക്കുന്നതായും സംഘത്തിലെ മറ്റുള്ളവര്‍ വാങ്ങുന്നതായും കാണിച്ചാണ് ബാങ്കുകളെ കബളിപ്പിച്ചത്. വ്യാജ രേഖകള്‍ തയ്യാറാക്കി എല്ലാ ഇടപാടുകള്‍ക്കും ഭവന വായ്പകള്‍ ലഭിക്കുകയും ചെയ്തു. ഖര്‍ദയിലെ 11 ഫ്ലാറ്റുകള്‍ അടങ്ങിയ ഒരു കെട്ടിടമാണ് തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചത്. ഇതിലൊരു ഫ്ലാറ്റിന്റെ ഉടമയായ പ്രതിമ സര്‍ക്കാര്‍ എന്നയാണ് അറസ്റ്റിലായവരില്‍ ഒരാൾ. ഇയാളുടെ നേതൃത്വത്തിൽ കെട്ടിടത്തിലെ 11ഫ്ലാറ്റുകളും വില്‍ക്കുന്നതായി രേഖകളുണ്ടാക്കിയായിരുന്നു പദ്ധതി. ഒരു സ്വകാര്യ ബാങ്കിൽ നിന്ന് മാത്രം 1.2 കോടി രൂപ തട്ടിയെടുത്തതായും 125 തവണ ആറ് ഫ്ലാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതായും ബാങ്കിലെ വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു.
2021 ജനുവരി മുതല്‍ 2023 അവസാനം വരെ തട്ടിപ്പ് തുടര്‍ന്നു. ലോണുകള്‍ കൊടുത്ത ശേഷം ബാങ്ക് പിന്നീട് നടത്തിയ പരിശോധനകളിലാണ് ഇത്രയും നാൾ നടന്ന ഇടാപാടുകളൊക്കെ വ്യാജ രേഖകള്‍ ഉപയോഗിച്ച് ആയിരുന്നെന്നും ഫ്ലാറ്റുകളെല്ലാം മറ്റുള്ളവരുടെ പേരിലായിരുന്നു എന്നും കണ്ടെത്തിയത്. തുടര്‍ന്നാണ് പൊലീസിൽ പരാതി നല്‍കിയത്. അഞ്ച് പേരെ ജനുവരി 12ന് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ചൊവ്വാഴ്ചയും പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]