
ഈരാറ്റുപേട്ട – കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് ദിനത്തിൽ ഒരുക്കിയ വിനോദ യാത്രയിൽ ആ നാലു പേർ തങ്ങളുടെ വർഷങ്ങളുടെ ആഗ്രഹം സഫലമാക്കി. ഈരാറ്റുപേട്ടയിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഇല്ലിക്കൽ കല്ലിലേക്കായിരുന്നു ശാരീരിക അവശതകൾ കാരണം വീട്ടിനുള്ളിൽ ജീവിതം തളച്ചിടപ്പെട്ടവരുടെ യാത്ര.
40 വർഷം മുമ്പ് ഇല്ലിക്കക്കല്ലിൽ കയറിയ കുട്ടിച്ചനും ഇല്ലിക്കക്കലിന് സമീപത്തു താമസിച്ചിട്ട് ഇതേവരെ അവിടെ പോകാൻ ശാരീരിക അവശതകൾ കൊണ്ട് നടക്കാതെ പോയ അൻസാരിയിക്കയും കൊച്ചുമോൻ ചേട്ടനും ഒരു കാരണവശാലും ഇല്ലിക്കൽ കല്ലിൽ എത്തിപ്പെടാൻ സാധിക്കില്ല എന്ന ബോധ്യത്തിൽ ജീവിച്ച കിടങ്ങൂർ സ്വദേശി രാജേഷും കുടുംബവും ഉൾപ്പടെ കട്ടിലിൽ ജീവിതം കഴിച്ചുകൂട്ടുന്ന ഒമ്പതു പേരാണ് ആദ്യം പോകാൻ തയാറായതെങ്കിലും യാത്ര ബുദ്ധിമുട്ടാകുമോയെന്ന ഭയത്തിൽ അഞ്ചു പേർ അവസാനം യാത്ര റദ്ദാക്കുകയായിരുന്നു.
പാലിയേറ്റീവ് ദിനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യണെന്ന ആലോചനയിലാണ് കരുണ പാലിയേറ്റീവ് കെയറുമായി ചേർന്ന് കിടപ്പിലായ ആളുകളുമായി ചേർന്ന് ഇല്ലിക്കൽ കല്ലിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. സമീർ പറഞ്ഞു.
കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൺ, ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് എ.എം.എ. സമദ്, ഐ.ആർ.ഡബ്ല്യു വളണ്ടിയർമാരായ സുബ്ഹാൻ അഷ്റഫ്, സിയാദ് ഹഖ്, എസ്.കെ. നൗഫൽ, താഹ, ഷഹീർ വി.എം എന്നിവർ യാത്രാ സംഘത്തിന് സഹായവുമായി ഉണ്ടായിരുന്നു.
സമീർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്…
40 വർഷം മുമ്പ് ഇല്ലിക്കക്കല്ലിൽ കയറിയ കുട്ടിച്ചനും ഇല്ലിക്കക്കലിന് സമീപത്തു താമസിച്ചിട്ട് ഇതേവരെ അവിടെ പോകാൻ ശാരീരിക അവശതകൾ കൊണ്ട് നടക്കാതെ പോയ അൻസാരിയിക്കയും കൊച്ചുമോൻ ചേട്ടനും ഒരു കാരണവശാലും ഇല്ലിക്കൽ കല്ലിൽ എത്തിപ്പെടാൻ സാധിക്കില്ല എന്ന ബോധ്യത്തിൽ ജീവിച്ച കിടങ്ങൂർ സ്വദേശി രാജേഷും കുടുംബവും ഉൾപ്പടെ കട്ടിലിൽ ജീവിതം കഴിച്ചുകൂട്ടുന്ന ഒമ്പത് ആളുകൾ ഒരാഴ്ചയായി യാത്രസ്വപ്നത്തിൽ ആയിരുന്നു.
ഇല്ലിക്കൽ കല്ല് ആയിരുന്നു അവരുടെ ഡ്രീം ഡെസ്റ്റിനേഷൻ. ഇന്നലെ യാത്ര പുറപ്പെടാൻ തീരുമാനിച്ച ദിവസം തീർത്തും വയ്യാതെ ആയതുകൊണ്ട് കുറച്ചു ആളുകൾ വരില്ല എന്നു പറഞ്ഞപ്പോൾ യാത്രാ തീയതി ഒന്ന് മാറ്റി വെച്ചാലോ എന്ന് ആലോചിച്ചെങ്കിലും വരാം എന്നു പറഞ്ഞവരെ വിഷമിപ്പിക്കേണ്ട, മറ്റുള്ളവരെ അടുത്ത ഏതെങ്കിലും ദിവസം കൊണ്ടുപോകാം എന്നു തീരുമാനിച്ച് യാത്ര പുറപ്പെട്ടു.
വീട്ടിൽ നിന്നു ഇറങ്ങി ഒരു കിലോമീറ്റർ കഴിയും മുമ്പേ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നത് കണ്ട് ഇതൊക്കെ എന്തിനാ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ ‘എത്ര വർഷം കൂടിയാണ് കാണുന്നത് ഇനി എപ്പോൾ കാണാൻ പറ്റും എന്ന മറുപടി’ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. ചെറുതായെങ്കിലും നടക്കാൻ പറ്റുന്നവരെ വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും ടൂറായി കൊണ്ടുപോകുമെങ്കിലും പൂർണമായും കിടപ്പിലായവരെ കൊണ്ടുപോകുന്നതിന്റെ പ്രയാസം ഓർത്തു പലപ്പോഴും പിന്തിരിഞ്ഞതിൽ അതിലേറെ സങ്കടമാണ് തോന്നിയത്.
വീട്ടിൽ നിന്നും കുറഞ്ഞ കിലോമീറ്റർ മാത്രമുള്ള ഇല്ലിക്കൽ എത്തിയപ്പോൾ ഇതെന്റെ സ്വപ്നം ആയിരുന്നു എന്നു അൻസാരിയിക്ക പറയുമ്പോൾ ഇനി ഇന്ത്യയിൽ പോകാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് വിദേശ ടൂറുകൾ പോകാൻ സ്ഥലം അന്വേഷിക്കുന്ന നമുക്ക് സാമൂഹിക പ്രതിബദ്ധത എത്രത്തോളം ഉണ്ട് എന്നു നെഞ്ചിൽ കൈവെച്ചു ചോദിക്കേണ്ടതാണ്.
സഹജീവി സ്നേഹത്തിന്റെ പേരിലും കാരുണ്യത്തിന്റെ പേരിലും ഊറ്റം കൊള്ളുന്ന നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നാണ് ഇക്കൂട്ടരുടെ ഇതുപോലുള്ള നിമിഷങ്ങളിലെ സന്തോഷം കാണുമ്പോൾ മനസ്സിലാകുന്നത്.
എല്ലുകൾ എല്ലാം വെറും മാംസം പോലെയായി ജീവിക്കുന്ന രാജേഷിനും അറിയാം വെയിറ്റ് കൂടിയ അവനെ എടുത്തു മുകളിൽ എത്തിക്കുക എന്നത് പ്രയാസമാണ് എന്ന്. അത് മനസ്സിലാക്കിയാണ് ‘ഇവിടെ വരെ വന്നില്ലേ, ഇത് മതി ഞങ്ങൾ ആംബുലൻസിൽ ഇരുന്നോളാം നിങ്ങൾ പോയി വാ’ എന്നു പറഞ്ഞത്. അത് കേട്ട് രാജേഷിനെയും കുടുംബത്തെയും ആംബുലൻസിൽ ഇരുത്തി പോയിരുന്നെങ്കിൽ ഒരുപക്ഷെ അത്രത്തോളം ക്രൂരത അവനോട് ചെയ്യാൻ ഇല്ലായിരുന്നു എന്നു മുകളിൽ കൊണ്ടുപോയി വീൽചെയറിൽ ഇരുത്തി കഴിഞ്ഞുള്ള രാജേഷിന്റെ പ്രകടനത്തിൽ നിന്ന് മനസ്സിലായി.
ആനക്കാരൻ ആയിരുന്ന കൊച്ചുമോൻ ചേട്ടന്റെ ആനക്കഥയും മാപ്പിളപ്പാട്ടിൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രാജേഷിന്റെ മകന്റെ മാപ്പിളപ്പാട്ടും (ഗുരു നമ്മുടെ സ്വന്തം എസ്.കെ. നൗഫൽ) കുട്ടിച്ചൻ ചേട്ടന്റെ നാടൻ പാട്ടും കണക്കിലെ കളികളും ഒക്കെയായി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ തണുപ്പ് കൂടി ബുദ്ധിമുട്ടായി പോകാം എന്നുപറയുമ്പോൾ കോലാഹലമേടും വാഗമണ്ണും കൂടി കൊണ്ട് പോകണം എന്ന ആഗ്രഹമാണ് കുട്ടിച്ചനും കുടുംബവും പങ്ക് വെച്ചത്.
അടുത്ത പ്രാവശ്യം ആകാം എന്നു ഉറപ്പ് പറഞ്ഞു ഇറങ്ങുമ്പോൾ സമയം 06.30 ആയിട്ടുണ്ടായിരുന്നു.
ഐ.ആർ.ഡബ്ല്യു ടീം കോട്ടയത്തിന്റെ ഈ മാസത്തെ പാലിയേറ്റീവ് ദിനവുമായി ബന്ധപ്പെട്ട വർക്കിൽ എന്ത് ചെയ്യാൻ പറ്റും എന്ന ചർച്ചയിൽ ആണ് കരുണ പാലിയേറ്റീവ് കെയറുമായി ചേർന്ന് പൂർണമായും കിടന്നു പോയവരെ കൊണ്ട് ഒരു യാത്ര പോയാലോ എന്ന ആശയം വന്നത്. വലിയ റിസ്ക് ആണ് എന്ന് അറിയാമായിട്ടും ഐ.ആർ.ഡബ്ല്യു വളണ്ടിയർമാരുടെ ആത്മവിശ്വാസത്തിനു മുമ്പിൽ തീരുമാനവുമായി മുമ്പോട്ട് പോവുകയായിരുന്നു. ഇവരെ കൊണ്ടുപോകാനുള്ള ആംബുലൻസിന്റെ കുറവ് വന്നപ്പോൾ ആദ്യം തന്നെ ആലോചന പോയത് കരുണയുടെ തുടക്കത്തിൽ തന്നെ കരുണയോടൊപ്പം നിന്ന മർഹൂം നിസാർ ഖുർബാനി സാഹിബിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ഫ്രീ സർവീസ് നടത്തുന്ന വാഹനത്തിലേക്കാണ്. ചോദിച്ചപ്പോൾ തന്നെ അനുകൂല മറുപടി തന്ന യൂത്ത് കോൺഗ്രസിനു ഐ.ആർ.ഡബ്ല്യു കോട്ടയത്തിന്റെയും കരുണ പാലിയേറ്റീവിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു. അതോടൊപ്പം വാഹനം ഇല്ലിക്കൽ കല്ലിന്റെ മുകളിലേക്ക് കയറാൻ അനുമതി തന്ന പഞ്ചായത്ത് അധികൃതർക്കും എല്ലാകാര്യങ്ങൾക്കും ഞങ്ങൾക്കൊപ്പം ഒപ്പം നിന്ന ഇല്ലിക്കക്കല്ലിൽ ടൂറിസ്റ്റുകൾക്ക് വേണ്ട നിർദ്ദേശം നൽകി അവരെ കുഴപ്പങ്ങൾ ഒന്നും കൂടാതെ തിരികെ എത്തിക്കാൻ ജാഗ്രതയോടെ നിൽക്കുന്ന ബിനീഷിനും നന്ദിയും അഭിവാദ്യവും അറിയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
