
ബെംഗളൂരു: ക്യാപ്റ്റനായാല്‍ മുന്നില്‍ നിന്ന് നയിക്കണം, കായികയിനങ്ങളില്‍ നായകന് നിശ്ചയിച്ചിട്ടുള്ള ഈ ക്ലാസിക് നിര്‍വചനത്തിന് രോഹിത് ശര്‍മ്മയേക്കാള്‍ മികച്ച ഉദാഹരണം ഇനി പറയാനില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യില്‍ 22 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായൊരു ടീമിനെ 20 ഓവറില്‍ 212/4 എന്ന ഹിമാലയന്‍ ടോട്ടലിലേക്ക് എത്തിച്ചയാളുടെ പേരാണ് ഹിറ്റ്മാന് അഥവാ രോഹിത് ശര്‍മ്മ. അഞ്ചാം വിക്കറ്റില്‍ റിങ്കു സിംഗിനൊപ്പം വെടിക്കെട്ടുമായി കരിയറിലെ ഏറ്റവും മികച്ച ട്വന്റി 20 സെഞ്ചുറി ബെംഗളൂരുവില്‍ കുറിച്ച രോഹിത് റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരെഴുതി.
രോഹിത് ശര്‍മ്മയുടെ രാജ്യാന്തര ട്വന്റി 20 കരിയറിലെ അഞ്ചാം സെഞ്ചുറിക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. അന്താരാഷ്ട്ര ടി20യില്‍ അഞ്ച് ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഹിറ്റ്മാന് പേരിലാക്കി. നാല് വീതം സെഞ്ചുറികളുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് എന്നിവരെ രോഹിത് മറികടന്നു. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് കുട്ടിക്രിക്കറ്റിലൊരു മൂന്നക്കം പിറക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
ബെംഗളൂരുവില്‍ തുടക്കത്തില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യയെ 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി നയിച്ചു. ഉറച്ച പിന്തുണയുമായി റിങ്കു സിംഗിന്റെ ഫിറ്റി കരുത്തായി. 64 പന്തില്‍ രോഹിത് സെഞ്ചുറിയും 36 ബോളില്‍ റിങ്കു അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇരുവരും അസ്സലായി ഇന്നിംഗ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121* ഉം, റിങ്കു സിംഗ് 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി.
Last Updated Jan 17, 2024, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]