
ബംഗളൂരു – പത്തൊമ്പതാം ഓവറില്‍ അസ്മതുല്ല ഉമര്‍സായിയുടെ തുടര്‍ച്ചയായ പന്തുകള്‍ സിക്സറിനും ഇരട്ട ബൗണ്ടറിക്കും പറത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യില്‍ 64 പന്തില്‍ സെഞ്ചുറി തികച്ചു. വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായതോടെ അഞ്ചാം ഓവറില്‍ നാലിന് 22 ലേക്ക് തകര്‍ന്ന ഇന്ത്യയെ രോഹിതും (69 പന്തില്‍ 121 നോട്ടൗട്ട്) റിങ്കു സിംഗും (39 പന്തില്‍ 69 നോട്ടൗട്ട്) കൂടുതല്‍ നഷ്ടമില്ലാതെ 212 റണ്‍സിലെത്തിച്ചു. രോഹിത് സെഞ്ചുറി തികച്ചതിന് പിന്നാലെ റിങ്കു അതേ ഓവറില്‍ സിക്സറിലൂടെ അര്‍ധ ശതകം പിന്നിട്ടു. അവസാന മൂന്ന് പന്തുകളും റിങ്കു സിക്സറിനുയര്‍ത്തിയതോടെ 36 റണ്‍സാണ് അവസാന ഓവറില്‍ ഒഴുകിയത്. രോഹിത് എട്ട് സിക്സറും 11 ബൗണ്ടറിയും പായിച്ചപ്പോള്‍ ആറ് സിക്സറും രണ്ട് ബൗണ്ടറിയുമുണ്ട് റിങ്കുവിന്റെ ഇന്നിംഗ്സില്‍.
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലിയെ കാണാന്‍ ഒഴുകിയെത്തിയ ആരാധകര്‍ നിരാശരായതിന് പിന്നാലെയാണ് രോഹിതും റിങ്കുവും വെടിക്കെട്ടിന് തിരികൊളുത്തിയത്. പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ കോലി മിഡോഫില്‍ ഇബ്രാഹിം സദ്റാന് ക്യാച്ച്് നല്കിയപ്പോള് സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ നിശ്ശബ്ദമായി. പകരം വന്ന സഞ്ജു സാംസണും റണ്ണെടുക്കും മുമ്പെ ആഞ്ഞടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് തുലച്ചു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദൂബെ (1) എന്നിവരും പുറുത്തായതോടെ നാലോവറില്‍ നാലിന് 22ല്‍ ഇന്ത്യ പരുങ്ങി. ഫരീദ് അഹമ്മദാണ് തുടര്‍ച്ചയായ പന്തുകളില്‍ യശസ്വിയെയും കോലിയെയും അടുത്ത ഓവറില്‍ സഞ്ജുവിനെയും പുറത്താക്കിയത്. ദൂബെയെ അസ്മതുല്ല ഉമര്‍സായി മടക്കി.
ആദ്യ രണ്ടു കളികളില്‍ സഞ്ജു ടീമിലുണ്ടായിരുന്നില്ല. കുല്‍ദീപ് യാദവ്, അവേഷ് ഖാന് എന്നിവരെയും മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തി.. ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് വിശ്രമം നല്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യക്കെതിരെ വിജയം നേടാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല.
്അഫ്ഗാനിസ്ഥാന്‍ ടീമില്‍ നാലു മാറ്റങ്ങളുണ്ട്. മുഹമ്മദ് സലീം, ഫരീദ് അഹമ്മദ് എന്നീ പെയ്സ്ബൗളര്‍മാരെ ടീമിലുള്‍പെടുത്തി. ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ് എന്നിവരെ ഒഴിവാക്കി. സ്പിന്നര്‍മാരായ നൂര്‍ അഹമ്മദിനും മുജീബുറഹമാനും പകരം ഖൈസ് അഹമ്മദിനെയും ശറഫുദ്ദീന്‍ അശ്റഫിനെയും കളിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
