
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കൗശല്‍ ഷായെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് രണ്ടര മണിക്കൂര്‍ മാത്രം. മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വീഡിയോ കോളിലൂടെ കബളിപ്പിച്ച് 40000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ഇന്ന് കോഴിക്കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയിരുന്നു. ഈ സമയം കേസന്വേഷിക്കുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ നല്കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രണ്ടര മണിക്കൂര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ കുറ്റം നിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദിനേശ് കോറോത്ത് പറഞ്ഞു.
മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഡല്‍ഹി ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് കോഴിക്കോട്ട് എത്തിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് ശേഷം അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. കുറഞ്ഞ സമയം മാത്രമേ ലഭിച്ചൂള്ളൂ എന്നതിനാല്‍ കോടതി പരിസരത്ത് നിന്ന് തന്നെയാണ് ഇയാളെ ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാല്‍ വിശധമായ ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അടുത്തയാഴ്ച സംഘം ഡല്‍ഹിയിലേക്ക് തിരിക്കും.
ഗുജറാത്ത് സ്വദേശിയായ കൗശല്‍ ഷായെ പിടികൂടാന്‍ സൈബര്‍ സെല്‍ അംഗങ്ങള്‍ ഏറെ ശ്രമം നടത്തിയിരുന്നു. കുറ്റകൃത്യത്തില്‍ ഇയാളുടെ കൂട്ടാളികളായ മൂന്ന് പേരെ സൈബര്‍ സെല്‍ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Last Updated Jan 17, 2024, 7:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]