
ദില്ലി: അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കവുമായി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ 22ന് മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലേക്കില്ലെന്ന് ശരദ് പവാറും അരവിന്ദ് കെജരിവാളും വ്യക്തമാക്കി. തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ അയോധ്യയിലേക്ക് പോകാതെ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍.
ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മമത ബാനര്‍ജി മത സൗഹാര്‍ദ്ദ റാലിയിലും പങ്കെടുക്കും. നാസിക്കിലെ ശ്രീരാമക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയില്‍ ഉദ്ധവ് താക്കറേ ഭാഗമാകും. ഹനുമാന് ചാലീസ ചൊല്ലി ദില്ലിയിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പദ്ധതി.
മോദിയും ആര്‍എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമർശനം ഉന്നയിച്ചാണ് അയോധ്യയില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്ന് ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷന്‍ നിര്‍മ്മല്‍ ഖത്രി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. രാമനില്‍ നിന്ന് രാമഭക്തരെ അകറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
ക്ഷണം സ്വീകരിച്ച ശരദ് പവാര്‍ പണിപൂര്‍ത്തിയായ ശേഷം അയോധ്യയിലെത്താമെന്ന് ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചു. പ്രതിഷ്ഠാ ദിനം കഴിഞ്ഞ് പോകുമെന്നാണ് കെജരിവാളിന്റെയും നിലപാട്. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ സഖ്യം പൊതു നിലപാടെടുക്കുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്.
Last Updated Jan 17, 2024, 8:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]