
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 360 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. മത്സരിക്കാനല്ല ജയിക്കാനായാണ് ഓസ്ട്രേലിയയില്‍ വന്നതെന്ന പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസിന്റെ വീമ്പടിക്കല് എല്ലാം വെറുതെയാവുന്നതാണ് പെര്‍ത്തില്‍ നാലാം ദിനം കണ്ടത്. രണ്ടാം ഇന്നിംഗ്സില്‍ 450 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പാകിസ്ഥാന് വെറും 30.2 ഓവറില്‍ 89 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍ ഓസ്ട്രേലിയ 487, 233-5, പാകിസ്ഥാന് 271, 89.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റെടുത്തതോടെ ലിയോണ്‍ 500 വിക്കറ്റ് ക്ലബ്ബിലുമെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ മാത്രം ബൗളറും നാലാമത്തെ സ്പിന്നറുമാണ് ലിയോണ്‍. മുത്തയ്യ മുരളീധരന്, ഷെയ്ന് വോണ്‍, അനില്‍ കുംബ്ലെ, ജിമ്മി ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്ലെന്‍ മക്ഗ്രാത്ത്, കോര്ട്നി വാല്‍ഷ് എന്നിവരാണ് ലിയോണിന് മുമ്പ് ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം തികച്ചവര്‍.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാബര്‍ അസം ഉള്‍പ്പെടെ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഇമാം ഉള് ഹഖ്(10), ബാബര്‍ അസം(14), സൗദ് ഷക്കീല്‍(24) എന്നിവരൊഴികെ ആരും പാകിസ്ഥാന് നിരയില്‍ രണ്ടക്കം കടന്നില്ല.
നേരത്തെ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മിച്ചല്‍ മാര്‍ഷ് 68 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റീവ് സ്മിത്ത്(45), ഉസ്മാന് ഖവാജ(90) എന്നിവരും ഓസീസിനായി തിളങ്ങി. ആദ്യ ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]