
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി സിപിഐയിൽ രണ്ട് പക്ഷം പ്രകടമായി . ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ തുറന്നടിച്ച മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിലിനെ മന്ത്രി പി പ്രസാദ് തള്ളിപ്പറഞ്ഞു.. ഇപ്പോഴുണ്ടായ വിവാദങ്ങൾ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നാണ് പ്രസാദിന്റെ വിമര്‍ശനം .കാനം രാജേന്ദ്രന്റെ വിയോഗത്തിന് ശേഷം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ രീതിയിൽ സിപിഐക്ക് അകത്ത് വലിയ അമര്‍ഷമാണ്. കെ ഇ ഇസ്മയിൽ എതിര്‍പ്പ് തുറന്ന് പറഞ്ഞപ്പോൾ പരസ്യമായ അഭിപ്രായ പ്രകടനത്തിന് തയ്യാറാകാത്ത അതൃപ്തര്‍ ധാരാളം പാര്‍ട്ടിക്കകത്ത് ഉണ്ട്. 28 ന് ചേരുന്ന സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കാനിരിക്കെ പാര്‍ട്ടി വേദികളിൽ അസംതൃപ്തി തുറന്ന് പറയാൻ കൂടുതൽ നേതാക്കൾ മുന്നോട്ട് വരികയും ചെയ്യും. ഇതിനിടെയാണ് പക്ഷങ്ങൾ പ്രകടമാക്കി മന്ത്രി പി പ്രസാദിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ എക്സിക്യൂട്ടീവ് ആണ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് എന്നിരിക്കെ അതിൽ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ് മന്ത്രി ചോദിക്കുന്നത്
രോഗാവസ്ഥ ഭേദപ്പെട്ട് സംഘടനാ തലപ്പത്ത് തിരിച്ചെത്താനുള്ള ഇടവേളയിൽ ബിനോയ് വിശ്വത്തിന് ചുമതല നൽകണമെന്നായിരുന്നു കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിന് നൽകിയ സന്ദേശം. അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഈ കത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനങ്ങളെടുത്തതിൽ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ചുമതല നിര്‍വ്വഹിക്കാൻ അസിസ്റ്റന്റ് സെക്രട്ടറിമാരും മുതിർന്ന നേതാക്കളും ഉണ്ടെന്നിരിക്കെ തിരക്കിട്ട തീരുമാനത്തിന്റെ കാര്യമെന്തായിരുന്നു എന്ന ചോദ്യമാണ് കലാപത്തിന്റെ അടിസ്ഥാനം. എതിർപ്പുയർത്തുന്നവരധികം പിന്തുണക്കുന്നത് പ്രകാശ്ബാബുവിനെ. പക്ഷെ പ്രകാശ്ബാബും ഇപ്പോൾ തന്ത്രപരമായ മൗനത്തിലാണ്. അച്ചടക്കം ഓർമ്മിപ്പിക്കുന്ന ബിനോയ് വിശ്വത്തിന് പിന്തുണ കിട്ടുന്നുണ്ടെങ്കിലും അതിവേഗം പുറത്തുവരുന്ന എതിർപ്പ് വരും ദിവസങ്ങളിലെ വെല്ലുവിളിയാണ്
Last Updated Dec 17, 2023, 2:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]