
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – പരിക്ക് ഭേദമാവാത്തതിനെത്തുടര്‍ന്ന് പെയ്സ്ബൗളര്‍ മുഹമ്മദ് ഷമിയെ ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. അച്ഛന്റെ അസുഖം മൂര്‍ഛിച്ചതിനാല്‍ ദീപക് ചഹര്‍ ഏകദിന ടീമില്‍ നിന്ന് ഒഴിവായി. പകരം ആകാശ്ദീപ് സിംഗിനെ ടീമിലുള്‍പെടുത്തി. ടെസ്റ്റ് ടീമില്‍ ഷമിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഷമി ലോകകപ്പിലെ വിക്കറ്റ്കൊയ്ത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ്കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നീ പെയ്സര്‍മാര്‍ ടെസ്റ്റ് ടീമിലുണ്ട്.
ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങാന്‍ ശ്രേയസ് അയ്യര്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളില്‍ വിട്ടുനില്‍ക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ശ്രേയസ് അവസാനം ടെസ്റ്റ് കളിച്ചത് മാര്‍ച്ചിലാണ്. 20, 21, 22 തിയ്യതികളില്‍ ഇന്ത്യന്‍ കളിക്കാര്‍ തമ്മില്‍ പ്രിട്ടോറിയയില്‍ ത്രിദിന പരിശീലന മത്സരം കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് 26ന് തുടങ്ങും.
ഷമിക്ക് കണങ്കാലിലാണ് പരിക്ക്. ഇന്നലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ അവസാന ബാച്ച് കളിക്കാര്‍ക്കൊപ്പം ഷമി ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കേണ്ടതായിരുന്നു. വിരാട് കോലി, ആര്. അശ്വിന്, നവദീപ് സയ്നി, ഹര്‍ഷിത് റാണ എന്നിവരാണ് സംഘത്തിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ എഴുപത്തഞ്ചിലേറെ ഇന്ത്യന്‍ കളിക്കാരുണ്ടാവും, മൂന്ന് സീനിയര്‍ ടീമുകളിലും ഇന്ത്യ എ ടീമിലുമായി.
കണങ്കാലിലെ വേദനയോടെയാണ് ഷമി ലോകകപ്പില്‍ പന്തെറിഞ്ഞതും വിക്കറ്റ്കൊയ്ത്തില്‍ ഒന്നാമതെത്തിയതും. ദക്ഷിണാഫ്രിക്കയിലെ രണ്ട് ടെസ്റ്റുകള്‍ ഈ മാസം 26 നും ജനുവരി മൂന്നിനുമാണ് ആരംഭിക്കുക. 2021 ഡിസംബറിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചെങ്കിലും അവസാന രണ്ട് ടെസ്റ്റുകള്‍ സ്വന്തമാക്കി ആതിഥേയര്‍ പരമ്പര പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യക്ക് പരമ്പര ജയിക്കാനായിട്ടില്ല.