
ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്ഗ്രസില് വമ്പൻ അഴിച്ചുപണി. ഏറെക്കുറെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മുൻ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന കമൽ നാഥിനെ മാറ്റിക്കൊണ്ടുള്ള അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്. കമൽ നാഥിനെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിനൊപ്പം തന്നെ പ്രതിപക്ഷ നേതൃ സ്ഥാനവും നൽകിയില്ല. ജിത്തു പട്വാരിയെ ആണ് പുതിയ പി സി സി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായി ഉമംഗ് സിംഘറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഹേമന്ദ് കടാരെയാകും മധ്യപ്രദേശിലെ പ്രതിപക്ഷ ഉപനേതാവ്.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തന്നെ കമൽ നാഥിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ഹൈക്കമാൻഡും ഇത് സംബന്ധിച്ച സൂചനകളും തന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തീരൂമാനം ഉണ്ടായത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് മധ്യപ്രദേശിലെ കോൺഗ്രസിലെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.
മധ്യപ്രദേശിൽ അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അനായാസം അധികാരത്തിലേറാമെന്നുമായിരുന്നു കോൺഗ്രസ് പ്രതീക്ഷ. എന്നാൽ വമ്പൻ പരാജയമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 230 ൽ 163 സീറ്റുകളും തൂത്തുവാരിയാണ് ബി ജെ പി സംസ്ഥാന ഭരണം വീണ്ടും പിടിച്ചെടുത്തത്. കോൺഗ്രസാകട്ടെ 2018 ൽ നേടിയ 114 സീറ്റിൽ നിന്ന് 66 സീറ്റുകളിലേക്കാണ് നിലംപതിച്ചത്. ഇതോടെ കമൽ നാഥിനെതിരായ പാർട്ടിക്കുള്ളിൽ ശക്തമായ വികാരമാണ് ഉയർന്നത്.
അതേസമയം മധ്യപ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് തോൽവിയേറ്റുവാങ്ങിയ ഛത്തീസ്ഗഡിലാകട്ടെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടായിട്ടില്ല. ദീപക് ബെയ്ജ് ഛത്തീസ്ഗഡ് പി സി സി അധ്യക്ഷനായി തുടരാനാണ് ഹൈക്കമാൻഡ് ഇന്ന് തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗലിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ചരണ്ദാസ് മഹന്തിനെ ഛത്തീസ്ഡിലെ പ്രതിപക്ഷ നേതാവാക്കാനാണ് തീരുമാനം.
Last Updated Dec 16, 2023, 9:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]