
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം ഏറ്റെടുക്കാൻ നേതാക്കൾ പാര്‍ട്ടിയിൽ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സി പി ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പടെ നേതാക്കൾ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്.
കാനം രാജേന്ദ്രൻ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ് പേരുകളൊന്നും ഉയർന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പാര്‍ട്ടി സെക്രട്ടറി പദത്തിൽ പാര്‍ട്ടിക്കകത്ത് തന്നെയുള്ള പൊട്ടലും ചീറ്റലുമാണ് കെഇ ഇസ്മായിലിന്റെ പ്രതികരണത്തോടെ പുറത്തേക്ക് വരുന്നത്.
വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ച ബിനോയ് വിശ്വം വി എസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. എം പി എന്ന നിലയിലും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും ദേശീയ തലത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. ഇടതു സർക്കാരിന്റെ പല നയങ്ങളെയും വിമർശിക്കുന്നതിൽ പിശുക്കു കാട്ടാത്ത ബിനോയ് എൽഡിഎഫിനെ ശക്തിപ്പെടുത്താൻ തെറ്റുകൾക്കെതിരായ വിമർശനം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.
കാനം രാജേന്ദ്രനെ പോലെ കരുത്തനായ നേതാവിന്റെ അസാന്നിധ്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുക പുതിയ സെക്രട്ടറിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. അതിൽ ആദ്യത്തേതാവും കെഇ ഇസ്മായിലിന്റെ സെക്രട്ടറി പ്രഖ്യാപനത്തിനെതിരായ വിമര്‍ശനം. സംസ്ഥാന സർക്കാരിന്റെ പല നയങ്ങളെയും തുറന്നെതിർക്കാൻ മടിക്കാതിരുന്ന ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി എന്ന നിലയിൽ സ്വീകരിക്കാൻ പോകുന്ന നിലപാടുകളും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
Last Updated Dec 16, 2023, 11:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]