കൊല്‍ക്കത്ത: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് ശര്‍മ പെര്‍ത്തില്‍ 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് കളിക്കില്ല. പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നയിക്കാന്‍ രോഹിത് തിരിച്ചെത്തും. ഇപ്പോള്‍ രോഹിത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.
രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയയില്‍ എത്തുമായിരുന്നു എന്നാണ് ഗാംഗുലി പറയുന്നത്. ഗാംഗുലിയുടെ വാക്കുകള്‍… ”ടീമിന് രോഹിത്തിന്റെ നേതൃത്വം ആവശ്യമുള്ള സമയമാണിത്. രോഹിത് ഉടന്‍ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഞാനറിഞ്ഞു. എത്രയും വേഗം അദ്ദേഹം ഓസ്ട്രേലിയയിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് എത്തുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്, ഇതിന് ശേഷം രോഹിത് മറ്റൊരു പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പോകില്ല.” ഗാംഗുലി പറഞ്ഞു.
സഞ്ജു ഷോ അവസാനിക്കുന്നില്ല, ഇനിയുള്ള കളി നാട്ടില്‍! കേരളത്തെ നയിച്ചേക്കും
അതേസമയം, ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി അരങ്ങേറ്റം കുറിച്ചേക്കും. പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുക. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ നിതീഷ് കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരായിരിക്കും ടീമിലെ സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍ , ആര് അശ്വിന്, ആര് ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]