.news-body p a {width: auto;float: none;}
ഈ വർഷത്തെ തങ്ങളുടെ അവസാനത്തെ ട്വന്റി-20 മത്സരവും കഴിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങുന്നത്. 2007ൽ ഈ ഫോർമാറ്റിലെ ആദ്യ ലോക കിരീടം നേടിയിരുന്ന ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കണ്ട വർഷമാണിത്. വീണ്ടുമൊരു ലോകകപ്പ് ഉൾപ്പടെ ആറ് കിരീടങ്ങളാണ് ഈ വർഷം ഇന്ത്യ നേടിയത്. വിരാട് കൊഹ്ലി, രോഹിത് ശർമ്മ,രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ വിരമിക്കലിനും ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു സാംസണിന്റേയും രണ്ട് സെഞ്ച്വറികൾ നേടിയ തിലക് വർമ്മയുടേയും അത്ഭുത പ്രകടനങ്ങൾക്കും 2024 സാക്ഷിയായി.
11 വർഷത്തിന് ശേഷം ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടിയത് ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ട്വന്റി-20 ലോകകപ്പിലൂടെയാണ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു രോഹിത് ശർമ്മയുടേയും സംഘത്തിന്റേയും കിരീടധാരണം. ഇത് കൂടാതെ അഞ്ച് ഉഭയക്ഷിപരമ്പരകളിലും ഇന്ത്യ മാറ്റുരച്ചു. അഞ്ചിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ,സിംബാബ്വേ,ശ്രീലങ്ക,ബംഗ്ളാദേശ്,ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് എതിരേയായിരുന്നു പരമ്പര വിജയങ്ങൾ. ജനുവരിയിൽ അഫ്ഗാനിസ്ഥാനെ ഹോം സിരീസിൽ 3-0ത്തിന് തോൽപ്പിച്ചപ്പോൾ ജൂലായ്യിൽ സിംബാബ്വെ പര്യടനത്തിൽ 4-1ന്റെ വിജയം. പിന്നാലെ ശ്രീലങ്കയിൽചെന്ന് 3-0ത്തിന്റെ പരമ്പര വിജയം. ഒക്ടോബറിൽ പര്യടനത്തിനെത്തിയ ബംഗ്ളാദേശിനെതിരെയും ഇതേ മാർജിനിൽ ജയം. നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ചെന്ന് നാലുമത്സരപരമ്പരയിൽ 3-1ന് ജയം.
നായകരും
പരിശീലകരും
നായകനായി ലോകകപ്പ് നേടിക്കൊടുത്ത ശേഷമാണ് രോഹിത് ജൂണിൽ ചെറുഫോർമാറ്റിൽ നിന്ന് വിരമിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും ലോകകപ്പിലുമാണ് രോഹിത് ഇന്ത്യയെ നയിച്ചത്. സിംബാബ്വേ പര്യടനത്തിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിച്ചത്. ശ്രീലങ്കൻ പര്യടനത്തിൽ സൂര്യകുമാർ യാദവ് നായകനായി. ബംഗ്ളാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയും സൂര്യ നായകനായി തുടർന്നു.
ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്ന് പടിയിറങ്ങി. സിംബാബ്വേ പര്യടനത്തിൽ വി.വി.എസ് ലക്ഷ്മൺ താത്കാലിക പരിശീലകനായി. ഗൗതം ഗംഭീർ ലങ്കൻ പര്യടനം മുതൽ ചീഫ് കോച്ച് സ്ഥാനമേറ്റെടുത്തു. എന്നാൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ ഓസീസിലെ ടെസ്റ്റ് പര്യടനം മുൻനിറുത്തി ഗംഭീർ മാറിനിന്നപ്പോൾ ലക്ഷ്മൺ വീണ്ടും കോച്ചായി.
സഞ്ജുവിന്റെ
വർഷം
ഒരു കലണ്ടർ വർഷം മൂന്ന് ട്വന്റി-20 സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്ററായി സഞ്ജു സാംസൺ ചരിത്രം കുറിച്ചത് ഈ വർഷമാണ്. ഈ വർഷം 13 ട്വന്റി-20കളിൽ സഞ്ജു ഇന്ത്യൻ കുപ്പായമണിഞ്ഞു. ജനുവരിയിൽ അഫ്ഗാനെതിരായ പരമ്പരയിൽ ഒരു മത്സരത്തിലേ അവസരം ലഭിച്ചുള്ളൂ, ഡക്കായി.സിംബാബ്വേയിൽ മൂന്നുകളികളിൽ രണ്ടെണ്ണത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചു. 12,58 എന്നിങ്ങനെ സ്കോർ ചെയ്തു. ശ്രീലങ്കയ്ക്ക് എതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ഡക്കായി. ബംഗ്ളാദേശിനെതിരെ ക്യാപ്ടൻ സൂര്യകുമാർ യാദവ് ഓപ്പണിംഗിന് അവസരം നൽകി. ആദ്യ മത്സരങ്ങളിൽ 29,10 എന്നിങ്ങനെയായിരുന്നു സ്കോറിംഗ് എങ്കിൽ മൂന്നാം മത്സരത്തിൽ സെഞ്ച്വറിയടിച്ച് (111) ക്യാപ്ടന്റെ വിശ്വാസം കാത്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വീണ്ടും സെഞ്ച്വറി.ഇതോടെ തുടർച്ചയായ രണ്ട് ട്വന്റി-20കളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ ഡക്കായതോടെ ഒരു വർഷം അഞ്ചു മത്സരങ്ങളിൽ ഡക്കാവുന്ന ആദ്യ താരവുമായി. എന്നാൽ നാലാം മത്സരത്തിൽ വീണ്ടും സെഞ്ച്വറി നേടി ആവേശത്തിലേക്ക് തിരിച്ചെത്തി. മൂന്ന് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയുമടക്കം 436 റൺസാണ് സഞ്ജു ഈ വർഷം നേടിയത്. ദക്ഷിണാഫ്രിക്കയിലെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തിലക് വർമ്മയും സെഞ്ച്വറി നേടി.
26
2024ൽ ഇന്ത്യ ആകെ കളിച്ചത് 26 ട്വന്റി-20 മത്സരങ്ങളാണ്. ഇതിൽ 24 എണ്ണത്തിലും വിജയിച്ചു. സിംബാബ്വേയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ഓരോ മത്സരത്തിലാണ് തോൽക്കേണ്ടിവന്നത്.
92.31 %
ആണ് ഈ ഫോർമാറ്റിലെ ഇന്ത്യയുടെ ഈ വർഷത്തെ വിജയശരാശരി. മറ്റൊരു രാജ്യവും ഒരു വർഷവും ഇത്രത്തോളം മത്സരങ്ങൾ ജയിച്ചിട്ടില്ല. 2018ൽ 89.47% മത്സരങ്ങൾ ജയിച്ച പാകിസ്ഥാന്റെ റെക്കാഡാണ് ഇന്ത്യ മറികടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
436
മൂന്ന് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയുമടക്കം 436 റൺസാണ് സഞ്ജു ഈ വർഷം നേടിയത്.