കാൺപൂർ: ഉത്തർപ്രദേശിൽ നാടിനെ നടുക്കി കൊടും ക്രൂരത. യുപിയിൽ വ്യവസായിയുടെ വീട് കൊള്ളയടിച്ച് മോഷണ സംഘം ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ഒരു വ്യവസായിയുടെ ഭാര്യയെ ആണ് അഞ്ചംഗ മോഷണ സംഘം അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. വീട് കൊള്ളയടിച്ച ശേഷം പ്രതികൾ യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളി സാധനങ്ങൾ, ഒന്നര ലക്ഷം രൂപ, സ്കൂട്ടർ, എൽഇഡി ടിവി എന്നിവ കവർച്ചക്കാർ മോഷ്ടിച്ചു. മോഷണത്തിന് ശേഷം വീട്ടിലിരുന്ന് ഇവർ മദ്യം കഴിക്കുകയും, മദ്യലഹരിയിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
വ്യവസായി തന്റെ അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഡോക്ടറെ കാണാൻ പുറത്ത് പോയ സമയത്താണ് അഞ്ചംഗ കവർച്ചാ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയത്. മദ്യലഹരിയിലായിരുന്ന മോഷ്ടാക്കൾ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ശരീരത്തിൽ സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായും വ്യവസായി ആരോപിച്ചു. യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ നിരവധി പാടുകളുണ്ട്.
വീട്ടിലെ മുറികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകളുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 19 വ്യവസായിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് കവർച്ചക്കാർ ഇയാളെ ബന്ദിയാക്കി 80,000 രൂപ അടിച്ചെടുത്തു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല. പരാതി ഒതുക്കി തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് വ്യവസായിയുടെ ആരോപണം. ആദ്യസംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തത്.
അന്ന് പൊലീസ് സമയബന്ധിതമായി കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിൽ വീണ്ടും മോഷണം നടക്കില്ലായിരുന്നുവെന്നും ഭാര്യ അതിക്രൂര പീഡനത്തിന് ഇരയാക്കപ്പെടില്ലായിരുന്നുവെന്നും വ്യവസായി പറഞ്ഞു. ഇയാളുടെ പരാതിയിൽ സ്റ്റേഷൻ ഇൻചാർജ് വികാസ് കുമാറിനെ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പ്രതികളെ ഉടൻ പിടികൂടുമെന്നും കൂട്ടബലാത്സംഗം, കവർച്ച തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read More : മീര വെന്റിലേറ്ററില് തന്നെ, 3 ശസ്ത്രക്രിയകൾ നടത്തി; അമൽ ഭാര്യയെ വെടിവെക്കാൻ ഉപയോഗിച്ചത് 9 എംഎം കൈത്തോക്ക്…
Last Updated Nov 17, 2023, 1:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]