
ദില്ലി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാ ദൗത്യം ദില്ലിയിൽ നിന്ന് എത്തിച്ച പുതിയ യന്ത്രം ഉപയോഗിച്ച് വീണ്ടും തുടങ്ങി. കേന്ദ്രമന്ത്രി വികെ സിംഗ് സംഭവസ്ഥലത്ത് എത്തി ദൗത്യം വിലയിരുത്തി. തലചുറ്റലുണ്ടെന്ന് ചില തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് മരുന്ന് എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. 40 പേരാണ് തുരങ്കത്തിനുള്ളില് കുടുങ്ങികിടക്കുന്നത്.
രക്ഷപ്പെടുത്തണേയെന്ന നിലവിളികളാണ് തുരങ്കത്തിനകത്തു നിന്നുമെത്തുന്നത്. നാലു രാത്രിയും പകലും പിന്നിട്ട രക്ഷാ ദൗത്യം സങ്കീർണമായി തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴൽ വഴി മരുന്നുകൾ എത്തിച്ചു നൽകി. തൊഴിലാളികളുമായി ഡോക്ടർമാർ സംസാരിച്ചു. ദില്ലിയിൽ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗർ മെഷീൻ പ്രവർത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 5 മീറ്റർ തുരന്നുപോകാനാകുന്ന അമേരിക്കൻ നിർമ്മിത യന്ത്രമാണ് എത്തിച്ചത്. അൻപത് മീറ്ററിലധികം അവശിഷ്ടങ്ങളാണ് നീക്കം ചെയ്യാനുളളത്. ഇത് പൂർത്തിയായാൽ സ്റ്റീൽ പൈപ്പുകൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് കയറ്റും. കുഴൽ വഴി ഇഴഞ്ഞ് തൊഴിലാളികൾക്ക് പുറത്തെത്താനാകും എന്നാണ് പ്രതീക്ഷ. തുരങ്കത്തിൽ സന്ദർശനം നടത്തിയ മുൻ കരസേന മേധാവി കൂടിയായ കേന്ദ്ര മന്ത്രി ജനറൽ വി കെ സിംഗ് സ്ഥിതി നിരീക്ഷിച്ചു. ദൗത്യം തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ദൗത്യ സംഘം തായ്ലാന്റിലെ ഗുഹാമുഖത്ത് രക്ഷാദൌത്യം നടത്തിയവരുമായും നോർവെയിലെ വിദ്ഗ്ധ സംഘവുമായും സംസാരിച്ചു. ഇവരുടെ നിർദ്ദേശങ്ങളും കൂടി സ്വീകരിക്കും. അതേസമയം ഉത്തരകാശിയിൽ പുലർച്ചെ അനുഭവപ്പെട്ട നേരിയ ഭൂചലനം ആശങ്ക പരത്തി. തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ അവരുമായി ദൗത്യസംഘവും കുടുംബാംഗങ്ങളും നിരന്തരം സംസാരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]