ദില്ലി: ബിഹാറിൽ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായിട്ടും സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിലെത്താനാകാതെ മഹാസഖ്യം.
സഖ്യത്തിലെ ഘടകകക്ഷിയായ വികാസ് ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു. അതേസമയം, എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ജെഡിയു ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്കുള്ള പത്രികാ സമർപ്പണം അവസാനിച്ചതോടെ, സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കാതെയാണ് മഹാസഖ്യം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ലഭിക്കുന്ന സൂചനകൾ പ്രകാരം ആർജെഡി 140 സീറ്റുകളിലും കോൺഗ്രസ് 60 സീറ്റുകളിലും ഇടത് പാർട്ടികൾ 28 സീറ്റുകളിലും വികാസ് ശീല് ഇന്സാന് പാര്‍ട്ടി 15 സീറ്റുകളിലും മത്സരിച്ചേക്കും.
ജാലേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുഹമ്മദ് നൗഷാദ് ആലത്തിൻ്റെ സ്ഥാനാർത്ഥിത്വം, ആർജെഡിയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് നൗഷാദ് ആലം.
അതേസമയം, കുപ്രസിദ്ധ നേതാവായ മുഹമ്മദ് ഷഹാബുദ്ദീൻ്റെ മകൻ ഒസാമ ഷഹബിന് സീറ്റ് നൽകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ആർജെഡി തയ്യാറായിട്ടില്ല. സഖ്യത്തിലെ അസ്വാരസ്യങ്ങൾ പ്രകടമാക്കി, ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി വികാസ് ശീല് ഇന്സാന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി രംഗത്തെത്തി.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാർ ആണെങ്കിലും, അന്തിമ തീരുമാനം ഘടകകക്ഷികൾ ചേർന്നായിരിക്കും എടുക്കുകയെന്ന ഒരു ടെലിവിഷൻ അഭിമുഖത്തിലെ അമിത് ഷായുടെ പരാമർശം എൻഡിഎയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ജെഡിയുവിനെ ബിജെപി കൈയൊഴിയുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ അമിത് ഷാ സസ്പെൻസ് നിലനിർത്തുന്നത്.
ചിരാഗ് പാസ്വാൻ്റെ എൽജെപിക്ക് സീറ്റുകൾ അനുവദിച്ചതിലടക്കം അതൃപ്തിയുള്ള നിതീഷ് കുമാറിനെ അനുനയിപ്പിക്കാനായി അമിത് ഷാ പട്നയിൽ തുടരുകയാണ്. നിതീഷ് കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥി വിഷയത്തിൽ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]