ബെംഗളൂരു: മൂന്ന് കോടി രൂപ വിലമതിക്കുന്ന വീട് ഇസ്കോണിന് (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്) സംഭാവനയായി നൽകി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പിതാവ്.
മകളുടെ സന്തോഷത്തിനായി നിർമിച്ച വീടാണിതെന്നും അവളില്ലാത്ത ആ വീട്ടിൽ ഓർമകൾ വേട്ടയാടുകയാണെന്നും കൊല്ലപ്പെട്ട കൃതിക റെഡ്ഡിയുടെ അച്ഛൻ മുനി റെഡ്ഡി പറഞ്ഞു.
കൃതികയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി അറസ്റ്റിലായി.
ബെംഗളൂരുവിലെ മുനേകൊലാലിൽ അയ്യപ്പ ലേഔട്ടിലെ വീടിന് മുന്നിൽ ‘ഡോ. കൃതിക എം റെഡ്ഡിയുടെ ഓർമ്മയ്ക്ക്’ എന്നൊരു ബോർഡ് കാണാം.
1500 ചതുരശ്ര അടിയുള്ള ഈ വീട് 2016ലാണ് റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയർ മുനി റെഡ്ഡി മകൾ കൃതികയ്ക്ക് വേണ്ടി പണികഴിപ്പിച്ചത്- “എന്റെ മകൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ഞാൻ ആ വീട് നിർമിച്ചത്. രണ്ട് പെൺമക്കൾക്കും വിവാഹശേഷം താമസിക്കാൻ സമ്പാദ്യം സ്വരുക്കൂട്ടി ഞാൻ രണ്ട് വീടുകൾ പണിതു.
കൃതികയുടെ മരണ ശേഷം ആ വീട്ടിൽ കയറാൻ പോലും എനിക്ക് കഴിയുന്നില്ല.അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടുകയാണ്. അതിനാൽ ആ വീട് ഞാൻ ഇസ്കോണിന് നൽകി.
അവർ അവിടെ ആത്മീയമായ പരിപാടികൾ നടത്തുന്നു. അവൾ അതിലെല്ലാം ഒരു ഭാഗമായിരിക്കുമെന്ന് ഞാൻ കരുതുന്നു”- വേദനയോടെ മുനി റെഡ്ഡി പറഞ്ഞു.
കുടുംബങ്ങളിൽ സാധാരണയായുള്ള ചില സൌന്ദര്യ പിണക്കങ്ങൾ മാത്രമേ കൃതികയ്ക്കും മഹേന്ദ്രയ്ക്കും ഇടയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് അച്ഛൻ പറയുന്നു. വലിയ വഴക്കൊന്നും ഉണ്ടായിരുന്നില്ല.
കൃതിക ആത്മാർത്ഥതയുള്ള ഡോക്ടറായിരുന്നു. മഹേന്ദ്രയ്ക്ക് ഒത്തുപോകാൻ കഴിയില്ലെങ്കിൽ വിവാഹമോചനത്തിന് ശ്രമിക്കാമായിരുന്നല്ലോ എന്തിന് കൊന്നുവെന്നും കണ്ണീരോടെ അച്ഛൻ ചോദിക്കുന്നു.
ചർമ്മരോഗ വിദഗ്ധയായ കൃതികയും ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും 2024 മെയിൽ വിവാഹിതരായ ശേഷം അച്ഛൻ നൽകിയ വീട്ടിലായിരുന്നു താമസം.
ഈ വർഷം ഏപ്രിലിലാണ് കൃതിക മരിച്ചത്. ആരും തുടക്കത്തിൽ മഹേന്ദ്ര റെഡ്ഡിയെ സംശയിച്ചിരുന്നില്ല.
ആറ് മാസങ്ങൾക്കിപ്പുറം, കുടുംബത്തിന്റെ, കൃത്യമായി പറഞ്ഞാൽ കൃതികയുടെ സഹോദരി നിഖിതയുടെ സംശയങ്ങൾ സത്യമായി. ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് മാത്രം നിയമപരമായി ഉപയോഗിക്കാൻ അനുമതിയുള്ള അനസ്തേഷ്യ മരുന്നായ പ്രൊപോഫോൾ ഉയർന്ന അളവിൽ നൽകിയതാണ് കൃതികയുടെ മരണത്തിന് കാരണമെന്ന് ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി.
തുടർന്നാണ് മഹേന്ദ്ര റെഡ്ഡി അറസ്റ്റിലായത്. മഹേന്ദ്ര കൃതികയെ കൊല്ലാൻ വളരെക്കാലമായി പദ്ധതിയിട്ടിരുന്നു എന്നാണ് ഇപ്പോൾ കൃതികയുടെ കുടുംബം വിശ്വസിക്കുന്നത്.
ഒരു സംഭവം വിവരിച്ചുകൊണ്ട് മുനി റെഡ്ഡി പറഞ്ഞു- “കഴിഞ്ഞ വർഷം ഒക്ടോബറിൽ അവൾ വീട്ടിലേക്ക് കാറോടിച്ച് വരുന്ന വഴിക്ക് സുഖമില്ലാതായി. അപ്പോൾ അവൾ എന്നെ വിളിച്ചു.
മഹേന്ദ്ര അവളെ പിന്തുടർന്ന് ഇരുചക്ര വാഹനത്തിൽ വരുന്നുണ്ടായിരുന്നു. ആശുപത്രിയിൽ പോയപ്പോൾ കൃതികയുടെ രക്തസമ്മർദ്ദം താഴ്ന്നതായി ഡോക്ടർമാർ കണ്ടെത്തി.
അതിന്റെ കാരണം കണ്ടെത്താൻ 72 മണിക്കൂർ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മഹേന്ദ്ര അവളെ ഡിസ്ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു.
മഹേന്ദ്ര ഡോക്ടറായതിനാൽ അന്ന് സംശയിച്ചില്ല” ഭർത്താവ് അറസ്റ്റിലായത് ആറ് മാസത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 21നാണ് ഡോ. കൃതികയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയാണ് കൃതികയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
മഹേന്ദ്രയും കൃതികയും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചില നിർണായക തെളിവുകൾ ലഭിച്ചിരുന്നു.
ഇൻജക്ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സംശയാസ്പദ സാഹചര്യത്തിൽ പൊലീസ് കണ്ടെത്തിയത്. ഇതിനെതുടന്ന് കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാംപിളുകൾ പരിശോധനക്കയച്ചു.
ഇതിൽ നിന്നാണ് പ്രൊപോഫോൾ എന്ന അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. റിപ്പോർട്ടിനെ തുടർന്ന് കൃതികയുടെ മാതാപിതാക്കൾ മകളുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ മഹേന്ദ്രയെ അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നാണെന്ന് വ്യക്തമല്ല.
ഡോ. മഹേന്ദ്രയെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
മണിപ്പാലിൽ വെച്ച് അറസ്റ്റിലായ മഹേന്ദ്രയെ കോടതിയിൽ ഹാജരാക്കി. ഒൻപത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]