
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും 45 കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്. ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെയാണ് ഉത്തരവ്.
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു. ഹസീന കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദില്ലിയിലുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും എതിരെ വാറണ്ടുണ്ട്.
ഇതിനിടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രസ്താവന ഇറക്കിയിരുന്നു. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഹസീനക്കും കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്. 60 പരാതികളാണ് ട്രിബ്യൂണൽ പരിഗണിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]