
കൊച്ചി: കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലാത്ത യുവതിയെ സ്വകാര്യസ്ഥാപനം മതിയായ കാരണം പറയാതെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടെന്ന് ആക്ഷേപം. രണ്ട് വർഷമായി കൊച്ചി വിമാനത്താവളത്തിലെ സ്പീഡ് വിങ്സ് എന്ന സ്ഥാപനത്തിലാണ് കൃഷ്ണ ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്ന മാസവേതനം ഇല്ലാതായതിന്റെ ഞെട്ടലിലാണ് കൃഷ്ണ. അതേ സമയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്പീഡ് വിങ്സിന്റെ വിശദീകരണം.
മഴയുടെ തണുപ്പ് കൃഷ്ണ അറിയുന്നുണ്ട്. ജോലിയിൽ നിന്ന് പറഞ്ഞുവിട്ട മനസ്സുകളുടെ തണുപ്പ് പക്ഷേ കൃഷ്ണക്ക് മനസ്സിലായിട്ടില്ല. ആലുവയിലെ വാടക വീട്ടിൽ ജോലി പോയത് എന്തിനെന്നും ഇനി എന്തെന്നും ഒരെത്തുംപിടിയും കിട്ടാതെ മഴയും നോക്കിയിരിക്കുകയാണ് കൃഷ്ണ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്പീഡ് വിങ്സ് എന്ന സ്ഥാപനത്തിൽ രണ്ടുവർഷമായി ഉഷാറായി ജോലിക്ക് പോയിരുന്നു കൃഷ്ണ. സ്ഥിരം ജോലിയില്ലാത്ത ഭർത്താവ് കിഷോറിനും കേൾവി, സംസാരശേഷിയില്ല. ഏകമകൻ കാർത്തിക് കോക്ലിയർ ഇംപ്ലാന്റ് ചെയ്തിട്ടേ ഉള്ളു. മാസം കിട്ടുന്ന 12,000 രൂപ കൃഷ്ണക്കും കുടുംബത്തിനും ബലമായിരുന്നു. അതാണ് പെട്ടെന്നൊരു ദിവസം ഇല്ലാതായത്.
വിമാനത്താവളങ്ങളിലെ സുരക്ഷാകാര്യങ്ങൾ നോക്കുന്ന ബിസിഎഎസ് പറഞ്ഞതനുസരിച്ചാണ് കൃഷ്ണയുടെ പാസ് തിരിച്ചുവാങ്ങിച്ചതും രാജി ആവശ്യപ്പെട്ടതുമെന്നുമാണ് സ്പീഡ് വിങ്സ് അധികൃതർ വിശദീകരിക്കുന്നത്. എന്തായാലും സാമുഹികക്ഷേമ മന്ത്രി ആർ ബിന്ദുവിനും സംസ്ഥാന ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾക്കും ഭിന്നശേഷിക്കാരുടെ ആവലാതികൾ പരിഗണിക്കുന്ന ചീഫ് കമ്മീഷണർക്കും വ്യോമയാനമന്ത്രാലയത്തിലും പരാതികൾ അയച്ച് നീതിക്കായി കാത്തിരിക്കുകയാണ് കൃഷ്ണയും കുടുംബവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]