
.news-body p a {width: auto;float: none;}
മലയാള സിനിമയിലെ ആദ്യ സൂപ്പർ ആക്ഷൻ ഹീറോ എന്നറിയപ്പെട്ടിരുന്ന പ്രിയതാരമാണ് ജയൻ. ശക്തമായ നായക വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരത്തിന്റെ മരണം ഇന്നും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. ഒരു സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയൻ മരിച്ചത്. ഇപ്പോഴിതാ ജയന്റെ മരണശേഷം അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളിലെ വേഷങ്ങൾക്ക് ശബ്ദം നൽകിയ സംവിധായകനായ ആലപ്പി അഷ്റഫിന്റെ തുറന്നുപറച്ചിലാണ് സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നത്.
ആലപ്പി അഷ്റഫും ജയനും നല്ല സുഹൃത്തുക്കളായിരുന്നു. ജയന്റെ കോളിളക്കം, മനുഷ്യമൃഗം, ആക്രമണം, അറിയപ്പെടാത്ത രഹസ്യങ്ങൾ എന്നീ ചിത്രങ്ങൾക്കാണ് അഷ്റഫ് ശബ്ദം നൽകിയത്. ജയന്റെ അനുജനായ സോമൻ നായരുമായും താൻ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അഷ്റഫ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ജയന്റെ അനുജൻ സോമൻ നായർ എന്റെ ആദ്യ ചിത്രമായ മാടപ്രാവിന്റെ കഥയിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. ജയനെക്കുറിച്ച് ഞാൻ എപ്പോഴും സോമനോട് സംസാരിക്കുമായിരുന്നു. സോമൻ ജയനെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ഓർക്കുന്നത്. ജയൻ ജീവിച്ചിരുന്നപ്പോൾ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ടായിരുന്നു. ഏത് സീനിലാണ് അഭിനയിക്കുന്നത്? ആരൊക്കെയാണ് അഭിനയിക്കാനുളളത് എന്നതിനെക്കുറിച്ചുളള വിശേഷങ്ങൾ അദ്ദേഹം അമ്മയോട് പറയുമായിരുന്നു.
പതിവുപോലെ ഒരു ദിവസം ജയൻ അമ്മയോട് മദ്രാസിലെ ചോളവാരത്താണ് ഷൂട്ടിംഗ് എന്നുപറഞ്ഞു. ഹെലികോപ്ടറിലുളള ഒരു സംഘട്ടന രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞു. അപ്പോഴാണ് ജയൻ അവസാനമായി അമ്മയോട് സംസാരിക്കുന്നത്. അദ്ദേഹത്തിന് അപകടം സംഭവിച്ച വിവരം വൈകുന്നേര് മൂന്ന് മണിക്കാണ് അറിഞ്ഞതെന്ന് സോമൻ എന്നോട് പറഞ്ഞു. ആശുപത്രിയിലാണെന്നാണ് അറിഞ്ഞത്. സോമൻ മദ്രാസിൽ എത്തുന്നതിന് മുൻപ് തന്നെ ജയൻ നമ്മെ വിട്ടുപോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സോമനോട് മദ്രാസിലേക്ക് എത്തണ്ടെന്നും ജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവനന്തപുരത്ത് എത്തിക്കുമെന്നും അറിയിപ്പ് കിട്ടുകയായിരുന്നു. ഈ സമയത്ത് കൊല്ലത്തെ തീയേറ്ററുകളിൽ ജയന്റെ രണ്ട് സിനിമകൾ ഹൗസ് ഫുളായി പ്രദർശനം നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. സിനിമകളുടെ ആദ്യഭാഗം കഴിഞ്ഞ ഇടവേളകളിലാണ് തീയേറ്റർ ജീവനക്കാർ കാണികളെ ജയന്റെ മരണവാർത്ത അറിയിച്ചത്. സത്യാവസ്ഥ അറിയാതെ ജയന്റെ ആരാധകർ അലമുറയിട്ട് കരയാൻ തുടങ്ങി.
ഇതോടെ ആരാധകർ ജയന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അപ്പോഴും മകൻ മരിച്ച വിവരം അമ്മ അറിഞ്ഞിരുന്നില്ല. പുറത്ത് എന്താണ് ശബ്ദം എന്നുചോദിച്ചപ്പോൾ അടുത്തുളള ഒരു ഫാക്ടറിയിൽ തീപിടിച്ചതാണെന്നാണ് സോമൻ അമ്മയോട് പറഞ്ഞത്. ഒടുവിലാണ് ജയന്റെ മരണവിവരം അമ്മ അറിഞ്ഞത്. അങ്ങനെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ എത്തിച്ച് അമ്മയ്ക്ക് ഉറങ്ങാനുളള മരുന്ന് നൽകുകയായിരുന്നു.
ഒരു കോളേജിലെ പരിപാടി കഴിഞ്ഞ് ഞാനും ജയനും ഒരുമിച്ചാണ് കാറിൽ നാട്ടിലേക്ക് പോയത്. ജയൻ യാത്ര ചെയ്തതിന്റെ പണം കൊടുത്തത് ഞാനാണ്. അന്ന് ജയൻ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന സമയമായിരുന്നു. ഒരുമിച്ചുളള യാത്രയിൽ അദ്ദേഹം സിനിമയിൽ നേരിട്ട അവഗണനകൾ എന്നോട് പങ്കുവച്ചിട്ടുണ്ടായിരുന്നു. പ്രധാന നടനായി മാറുമെന്ന ആത്മവിശ്വാസം അപ്പോഴേ ജയനുണ്ടായിരുന്നു.
തുടർന്ന് മലയാള സിനിമ കണ്ടത് ജയന്റെ വളർച്ചയായിരുന്നു. ഒരു ദിവസം ജയനെ കണ്ടു. കാർ യാത്രയ്ക്ക് ഞാൻ ജയന് നൽകിയ പണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എല്ലാം ഓർമയുണ്ടെന്നും മറക്കില്ലെന്നും പറഞ്ഞു. ഒരു കടവും ഞാൻ ബാക്കി വയ്ക്കില്ലെന്ന് ജയൻ പറയുന്ന ഒരു സീൻ ഞാൻ ഡബ്ബ് ചെയ്തപ്പോൾ ശരിക്കും കരഞ്ഞുപോയി.