
.news-body p a {width: auto;float: none;}
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ കാനഡയെ പിന്തുണച്ച് യു.എസ്. കാനഡയുടെ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യൻ സർക്കാർ കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇന്ത്യ സഹകരിക്കണം. ഇന്ത്യ യു.എസിന്റെ ശക്തമായ പങ്കാളിയായി തുടരുമെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മില്ലർ മറുപടി നൽകി.
യു.എസിന്റെ ‘ഫൈവ് ഐസ്” സഖ്യ രാജ്യമാണ് കാനഡ. യു.കെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവരാണ് ഫൈവ് ഐസ് ഇന്റലിജൻസ് കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾ. നിജ്ജർ വധത്തിൽ ഇന്ത്യൻ സർക്കാരിനും നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. എന്നാൽ കാനഡയുടെ വാദങ്ങൾ തികച്ചും അസംബന്ധമാണെന്നും തെളിവുകൾ നൽകുന്നില്ലെന്നും ഇന്ത്യ ആവർത്തിക്കുന്നു. ഇന്ത്യ കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും കാനഡയിലെ പ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
‘കോൺസുലേറ്റുകൾ അടച്ചുപൂട്ടണം”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാൻകൂവറിലും ടൊറന്റോയിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചുപൂട്ടണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ സറെയിലെ ഗുരു നാനാക് സിഖ് ഗുരുദ്വാര പ്രതിനിധികൾ. നിജ്ജർ നേരത്തെ ഈ ഗുരുദ്വാരയുടെ പ്രസിഡന്റായിരുന്നു. ഇന്ത്യൻ കോൺസുലേറ്റുകൾ അടയ്ക്കാത്ത പക്ഷം സിഖുകാരുടെ സുരക്ഷ ചോദ്യചിഹ്നമായി തുടരുമെന്നും ഇവർ ആരോപിച്ചു. അതിനിടെ, നിജ്ജർ വധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് കനേഡിയൻ പൊലീസ് സിഖ് സമൂഹത്തോട് അഭ്യർത്ഥിച്ചു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45) 2023 ജൂണിലാണ് സറെയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.