
ഇടുക്കി: നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്.
രാത്രിയിൽ കൗണ്ടറിൽ എത്തിയ രാം സായിയും ദരുൺ സായിയും ആദ്യം എടിഎമ്മിൽ നിന്ന് പണം എടുത്തു. പുറത്ത് ഇറങ്ങിയ ശേഷം മുഖം മറച്ചു തിരികെ എത്തി എടിഎം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.
എന്നാൽ എടിഎം പൂർണ്ണമായും തകർത്ത് പണം എടുക്കാൻ ഇവർക്ക് സാധിച്ചില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് കൗണ്ടറിന് ഉള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മേഖലയിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
രാം സായി പാറത്തോട്ടിലെ ഏലക്കാ സ്റ്റോറിലും ദരുൺ സായി ഉടുമ്പൻചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തിലുമാണ് ജോലി ചെയ്ത് വന്നിരുന്നത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാൾ നാട് വിടാൻ ശ്രമിയ്ക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിൽ ഉടുമ്പൻചോല പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.
രാം സായി വർഷങ്ങളായി പാറത്തോട്ടിലെ ഏലക്ക സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. മൂന്ന് ആഴ്ച മുമ്പാണ് ദരുൺ ജോലിക്കായി ചെമ്മണ്ണാറിൽ എത്തിയത്.
മധ്യപ്രദേശിൽ ഇരുവരും അയൽ വാസികളാണ്. ദരുൺ സായി മധ്യപ്രാദേശിൽ മോഷണ കേസിൽ പ്രതിയാണ്.
തിങ്കളാഴ്ച രാത്രിയിൽ പറത്തോട്ടിലെ ജോലി സ്ഥലത്ത് ഒത്തുചേർന്ന ഇരുവരും എടിഎം കവർച്ച ചെയ്യാൻ പദ്ധതി ഒരുക്കുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
READ MORE: അങ്കമാലിയിൽ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസ്; എട്ട് പേർ കസ്റ്റഡിയിൽ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]