ന്യൂഡൽഹി : സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികളിൽ എത്രത്തോളം മുന്നോട്ട് പോകണം എന്ന കാര്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേസ് പരിഗണിച്ച ബെഞ്ചിൽ നാലു വിധിന്യായങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. “ഒരു പരിധിവരെ യോജിപ്പുണ്ട്, ഒരു പരിധിവരെ വിയോജിപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തിൽ വരുത്താനും മാത്രമേ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“സ്വവർഗ ലൈംഗികത ഒരു നഗര സങ്കൽപ്പമല്ല അല്ലെങ്കിൽ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിൽ പരിമിതപ്പെടുത്തിയതോ അല്ല” ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുൻകാലത്തും വിവാഹവുമായി ബന്ധപെട്ട പരിഷ്കാരങ്ങൾ നിയമനിർമാണം വഴി കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വരുത്തണോ എന്നത് പാർലമെന്റാണ് തീരുമാനിക്കേണ്ടത്.” സുപ്രധാന ഉത്തരവ് വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.