
തിരുവനന്തപുരം: കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവനന്തപുരത്ത് പെരുമഴ പെയ്ത ശനിയാഴ്ച രാത്രി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമോ, ദുരന്ത നിവാരണ അതോറിറ്റിയോ കൃത്യമായ ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
പെരുമഴ പെയ്തിറങ്ങുമ്പോഴും ശനിയാഴ്ച രാത്രി കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല. ശനിയാഴ്ച യെല്ലാ അലർട്ടും, ഞായറാഴ്ച ഗ്രീൻ അലർട്ടുമായിരുന്നു തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ മലയോര, തീര, നഗര മേഖലകളിൽ മഴ കനത്തെങ്കിലും രാത്രി പത്തിനും, പുലർച്ചെ ഒരു മണിക്കും, നാല് മണിക്കും, രാവിലെ ഏഴ് മണിക്കും നൽകിയ തത്സ്ഥിതി മുന്നറിയിപ്പിൽ മിതമായ മഴയോ നേരിയ മഴയോയാണ് പ്രവചിച്ചിരുന്നത്. മുന്നറിയിപ്പുകളിലെ ഈ പിഴവ് ചർച്ചയായതിന് പിന്നാലെ, തല്സ്ഥിതി മുന്നറിയിപ്പിനൊപ്പം, ഇംപാക്ട് ബേസ്ഡ് അഥവാ ആഘാത സാധ്യത മുന്നറിയിപ്പ് കൂടി ഇനി പൊതുജനങ്ങൾക്ക് കൈമാറാനാണ് തീരുമാനം. അതായത്, മഴ സാധ്യതയ്ക്ക് ഒപ്പം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ നൽകും. ആറ് മണിക്കൂറിടവിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പാണ് കെഎസ്ഡിഎംഎ കൈമാറുന്നത്.
ഓഖിക്കും പ്രളയത്തിന് ശേഷം ഐഎംഡിക്ക് പുറമേ, മറ്റ് അഞ്ച് ഏജൻസികളിൽ നിന്ന് കൂടി വിവരം ശേഖരിക്കുന്നുണ്ടെന്നാണ്
സർക്കാരും കെഎസ്ഡിഎംഎയും പറയുന്നത്. പക്ഷെ ഉച്ചയ്ക്ക് ഒരു മണിക്കുള്ള മുന്നറിയിപ്പിൽ മാത്രമാണ് മറ്റ് ഏജൻസികളിൽ നിന്ന് കിട്ടുന്ന വിവരം കൂടി ഉൾപ്പെടുത്തുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി സമ്മതിക്കുന്നു. അതായത് പൊതുജനങ്ങൾക്ക് ഈ വിവരം കൈമാറുന്നത്
24 മണിക്കൂറിനിടെ ഒരിക്കൽ മാത്രമാണ്. പ്രവചനാതീതമായ അന്തരീക്ഷ സാഹചര്യത്തിലേക്ക് കേരളം മാറിയെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. പക്ഷെ ആ സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങളിൽ ഇപ്പോഴും കാര്യമായൊരു പുരോഗതിയുമില്ലെന്ന് ചുരുക്കം.
Last Updated Oct 17, 2023, 7:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]