
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന യാത്ര പുറപ്പെട്ട സ്വകാര്യ ബസ്സ് മോട്ടോർ വാഹനവകുപ്പ് വീണ്ടും പിടിച്ചെടുത്തു. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ്സ് സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ബസ്സ് ഉടമയുടെ വാദം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ്സ് റാന്നിയിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ്സ് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി. വിനോദസഞ്ചാരത്തിന് മാത്രം ഉപയോഗിക്കാനുള്ള പെർമിറ്റ് ആണ് നൽകിയതെന്നും സാധാരണ സ്വകാര്യ ബസ്സ് ഓടും പോലെ ഓരോ സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റി പോകുന്ന സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. എന്നാൽ പുതുക്കിയ കേന്ദ്ര നിയമപ്രകാരം സ്വകാര്യ ബസ്സുകൾക്ക് ഏത് പാതയിലും സർവീസ് നടത്താം. അത് അനുസരിച്ച് നികുതി അടച്ച് നിരത്തിലറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥർ തുടർച്ചയായി പിടികൂടുന്നതെന്നാണ് ബസ്സ് ഉടമ പറയുന്നത്.
ഒന്നരമാസം മുൻപ് ഇതേ ബസ് എംവിഡി പിടികൂടിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെന്നും ഉടമ പറയുന്നു. ദീർഘദൂര ബസ്സുകളിലെ വരുമാനത്തിലാണ് കെഎസ്ആർടിസി പ്രധാനമായും പിടിച്ചുനിൽക്കുന്നത്. അതിനാൽ കേന്ദ്ര നിയമം പറഞ്ഞ് സ്വകാര്യ ബസ്സുകൾ റൂട്ടുകൾ കീഴടക്കിയാൽ കോർപറേഷന് കൂടുതൽ പ്രതിസന്ധിയാകും. അത് മുൻകൂട്ടി കണ്ടാണ് റോബിൻ ബസ്സിന് എതിരായി നീക്കമെന്നും ആക്ഷേപമുണ്ട്.
Last Updated Oct 16, 2023, 3:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]