

First Published Oct 16, 2023, 7:03 PM IST
കോഴിക്കോട്: കത്വ ഫണ്ട് പൊലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. കേട്ടപാതി കേൾക്കാത്തപാതി പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങൾ സ്വയം പരിഹാസ്യനായെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം സിഐ യൂസുഫും എസ്ഐ അഷ്റഫും പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ തെളിവുകൾ ഗൗനിക്കാതെ പ്രതികൾക്ക് അനുകൂലമായി 2023 ജൂണിൽ നൽകിയ പൊലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നും
കേസിലെ ഒന്നാം പ്രതി സി.കെ സുബൈറിനും രണ്ടാം പ്രതി പി.കെ ഫിറോസിനും സമൻസ് അയക്കാനും കോടതി ഉത്തരവായെന്നും ജലീൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കത്വ ഫണ്ട്: പോലീസ് റിപ്പോർട്ട് കോടതി തള്ളി. പ്രതികൾക്ക് സമൻസയക്കാൻ ഉത്തരവായി.
മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം CI യൂസുഫും SI അഷ്റഫും പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ തെളിവുകൾ ഗൗനിക്കാതെ പ്രതികൾക്ക് അനുകൂലമായി 2023 ജൂണിൽ നൽകിയ പോലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
കേസിലെ ഒന്നാം പ്രതി സി.കെ സുബൈറിനും രണ്ടാം പ്രതി പി.കെ ഫിറോസിനും സമൻസ് അയക്കാനും കോടതി ഉത്തരവായി. 09.02.2024 ന് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. ഇതോടെ രാവിലെ മുതൽ ലീഗ് സൈബർ പോരാളികൾ നടത്തിവന്ന കള്ളപ്രചരണം പൊളിഞ്ഞ് പാളീസായി.
പോലീസ് ഉദ്യോഗസ്ഥരെ പലവിധത്തിൽ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണ് യൂത്ത്ലീഗ് മുൻ അഖിലേന്ത്യാ ഭാരവാഹി യൂസഫ് പടനിലം നൽകിയ പരാതിയെ തുടർന്ന് തള്ളപ്പെട്ടത്.
രണ്ട് പെൺകുട്ടികൾ കത്വയിലും ഉന്നോവയിലും നിഷ്ഠൂരമായി പിച്ചിച്ചീന്തപ്പെട്ട കിരാത സംഭവത്തിൻ്റെ പശ്ചാതലത്തിലാണ് യൂത്ത്ലീഗ് പള്ളികൾ കേന്ദ്രീകരിച്ച് ഒരു വെള്ളിയാഴ്ച ഇരകളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തിയത്. ഗൾഫ് നാടുകളിലും എട്ടുംപൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളുടെ കണ്ണീരിൻ്റെ കഥ പറഞ്ഞ് കണക്കറ്റ ധനശേഖരണം നടന്നതായി ആക്ഷേപമുയർന്നിരുന്നു.
പിരിച്ച പണത്തിൽ നിന്ന് വളരെ ചെറിയ ഒരു തുക ഇരകളുടെ കുടുംബത്തിനും കേസ് വാദിക്കാത്ത വക്കീലൻമാർക്കും നൽകി. പിരിഞ്ഞുകിട്ടിയ ഭീമമായ തുകയുടെ സിംഹഭാഗവും സ്വന്തം ആവശ്യത്തിനും യൂത്ത്ലീഗ് നടത്തിയ സംസ്ഥാന ജാഥയുടെ ചെലവിലേക്കും എടുത്തതായാണ് പരാതിയിൽ ആരോപിച്ചത്.
മുസ്ലിംലീഗിൻ്റെയും യൂത്ത്ലീഗിൻ്റെയും ഫണ്ട് മുക്കി നക്കുന്ന ഏർപ്പാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത്ത്ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇ.ഡിയിലും തൽസംബന്ധമായ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്.
അത് ദുർബലമാക്കാനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.ഐ യൂസഫിനെയും എസ്.ഐ അഷ്റഫിനെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് പ്രതികൾ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പോലീസിന് കളങ്കമുണ്ടാക്കിയ ഇരുവർക്കുമെതിരെ DGP ക്ക് പരാതി നൽകുമെന്ന് യൂസഫ് പടനിലം പറഞ്ഞു.
കേട്ടപാതി കേൾക്കാത്തപാതി, പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങൾ സ്വയം പരിഹാസ്യനായി. പരാതിക്കാരൻ യൂസഫ് പടനിലത്തിനുവേണ്ടി അഡ്വ: എം നാരായണൻ കുന്ദമംഗലമാണ് ഹാജരായത്. (Case No: CC-388/2023) മൊബൈൽ: 9846430201.
Last Updated Oct 16, 2023, 7:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]