
ജിദ്ദ- ഇൻഷുറൻസ് കോപ്പി ഹാജരാക്കണമെന്ന ചില വിമാനത്താവള ജീവനക്കാരുടെ പിടിവാശിമൂലം ഉംറ തീർഥാടകരുടെ യാത്ര മുടങ്ങുന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉംറക്ക് പുറപ്പെടാൻ എത്തിയ ചില യാത്രക്കാർക്കാണ് ഈ ബുദ്ധിമുട്ടുണ്ടായത്. ഇതു മൂലം യാത്ര മുടങ്ങിയെന്നു മാത്രമല്ല, ടിക്കറ്റ് മാറ്റി എടുക്കേണ്ടി വന്നതുമൂലം ഭീമമായ സംഖ്യയും സമയവും നഷ്ടമായതായി യാത്രക്കാർ പരാതിപ്പെട്ടു.
ഓൺലൈൻ വഴി ഉംറ വിസക്ക് അപേക്ഷിച്ചവർക്കാണ് ഈ ബുദ്ധിമുട്ട് ഉണ്ടായത്. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ അതാത് പാസ്പോർട്ടുകളുടെ പേരിൽ ഇൻഷുറൻസ് എടുത്താൽ മാത്രമാണ് സൗദി നയതന്ത്രാലയം വിസ ഇഷ്യു ചെയ്യുകയുള്ളൂ.
ഇതേക്കുറിച്ച് വിമാനത്താവള ഉദ്യോഗസ്ഥരിൽ ചിലർക്കുള്ള അജ്ഞതയാണ് തീർഥാടകരുടെ യാത്രക്കു തടസ്സമുണ്ടാക്കുന്നതെന്ന് ഹജ് ഉംറ പാക്കേജ് രംഗത്തെ സ്ഥാപനമായ അബിദ് ട്രാവൽസ് മാനേജിംഗ് ജയറക്ടർ ഷാനിയാസ് കുന്നിക്കോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിന് ഇന്ത്യൻ വിദേശ കാര്യവകുപ്പു സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിന് പ്രത്യേക നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]