
മുംബൈ : 2028ൽ അമേരിക്കയിലെ ലോസേഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി. ഇന്ന് നടന്ന മുംബയിലെ ഐ ഒ സി സെഷനിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി20 ക്രിക്കറ്റാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുക. ഒപ്പം ബേസ് ബോൾ അഥവാ സോഫ്റ്റ് ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ് സിക്സസ്,സ്ക്വാഷ് എന്നിവയും ഉൾപ്പെടുത്തിയതായി ഐ ഒ സി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.ഈ ഗെയിമുകൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച് മുൻപ് സൂചന നൽകിയിരുന്നു, 141-ാമത് ഐ ഒ സി ഒളിമ്പിക് സെഷനിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി പറഞ്ഞു.