

First Published Oct 16, 2023, 2:53 PM IST
ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ ഇസ്രയേലിലെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍. സ്വന്തം നാടിന് പ്രതിരോധം തീര്‍ക്കാനായി തീരുമാനിച്ച് ഉറപ്പിച്ച ഇസ്രയേലിലെ ജനങ്ങളുടെ നേര്‍ച്ചിത്രം യുദ്ധമുഖത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനവര്‍
ഇസ്രയേലില്‍ വിമാനമിറങ്ങിയപ്പോള്‍ തങ്ങളുടെ മക്കളെ സ്വീകരിക്കാന്‍ നില്ക്കുന്ന പ്രായമായ നിരവധി വ്യക്തികളെ ഞാന്‍ ശ്രദ്ധിച്ചു. ഭീകരമായ യുദ്ധമുഖത്ത് നിലകൊള്ളുന്ന രാജ്യത്തേക്ക്, രാജ്യാന്തര വിമാനത്തില്‍ അവരുടെ മക്കള്‍ വന്നിറങ്ങുന്നത് എന്തിനാണെന്ന് ആത്ഭുതത്തോടെ ഞാന്‍ ആലോചിച്ചു. അവരെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ എത്തിയത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിച്ചപ്പോഴാണ് പഠനത്തിനും യാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമൊക്കെയായി വിദേശത്ത് പോയിരുന്ന ഇസ്രയേലി യുവതികളും യുവാക്കളും ഹമാസിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിവരികയാണെന്ന് ഞാന്‍ മനസിലാക്കിയത്. അവരുടെ ഉറച്ച തീരുമാനവും താത്പര്യങ്ങളും അതില്‍ നിന്ന് വ്യക്തമായിരുന്നു.
ഹമാസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ച ഇസ്രയേലികള്‍ മുഴുവന്‍ പ്രതികാരം ചെയ്യാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഈ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലിലെ സൈനികരും സാധാരണക്കാരും മുന്നോട്ട് തന്നെ നീങ്ങാനുള്ള തയ്യാറാടുപ്പിലുമാണ്. ബംഗളുരുവില്‍ നിന്ന് അബുദാബിയിലേക്കും അവിടെ നിന്ന് യുദ്ധമുഖത്തുള്ള ഇസ്രയേലിലിന്റെ തലസ്ഥാനമായ തെല്‍ അവിവിലേക്കുമാണ് ഞങ്ങള്‍ യാത്ര ചെയ്തത്. ഗാസ അതിര്‍ത്തിയിലെ സംഘര്‍ങ്ങള്‍ക്കിടയിലും തലസ്ഥാന നഗരം ഏതാണ്ട് സാധാരണ നിലയിലായിരുന്നു.
മതപരമായ ആചാരത്തിന്റെ ഭാഗമായ ‘ശാബത്ത്’ ആചരിക്കുകയായിരുന്നു ശനിയാഴ്ച. ജനജീവിതം സാധാരണ നിലയില്‍ തന്നെ തുടരുന്നു. സ്ഥിരമായി യുദ്ധനിഴലില്‍ ജീവിക്കുന്ന ഇവിടുത്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം സൈറണുകളുടെ ശബ്ദം ഒരു സാധാരണ കാര്യമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൈറണുകള്‍ മുഴുങ്ങുമ്പോഴും ആളുകള്‍ക്ക് വലിയ പേടിയില്ല.
ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകള്‍ക്ക് തലസ്ഥാനമായ തെല്‍ അവിവില്‍ നാശനഷ്ടമുണ്ടാക്കാന്‍ വേണ്ട ശക്തിയില്ലെന്ന വസ്തുതയുടെ തെളിവ് കൂടിയാണിത്. ആക്രമണമുണ്ടാകുമ്പോള്‍ നഗരം മുഴുവന്‍ സൈറണുകള്‍ മുഴങ്ങും. ഉടന്‍ തന്നെ സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങള്‍ ബങ്കറുകളില്‍ ഒളിക്കും.
ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലും സുരക്ഷക്കായി ബങ്കറുകളുണ്ട്. സൈറണ്‍ മുഴങ്ങുമ്പോള്‍ ബങ്കറില്‍ അഭയം പ്രാപിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശവും ലഭിച്ചു. ശനിയാഴ്ച രാത്രി 9.01ന് സൈറണ്‍ മുഴങ്ങി. എല്ലാവരും സൈറണ്‍ കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ മുറികളിലും സ്പീക്കറുകള്‍ സ്ഥാപിച്ച് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അധികം വൈകാതെ മിസൈല്‍ ഹോട്ടലിന്റെ ജനലിലൂടെ കാണാനും സാധിച്ചു.
എല്ലാവരും പോരാളികള്‍
ഇസ്രയേലിലെ എല്ലാ ഓരോരുത്തരും സൈനികരായി മാറിക്കഴിഞ്ഞു. വെബ്സീരിസുകളിലൂടെയും വീഡിയോകളിലൂടെയും ഇസ്രയേലിന്റെ ചരിത്രം അറിഞ്ഞവര്‍ ഈ രാജ്യത്തെ തങ്ങളുടെ വീടായി മാറ്റിയവരാണ്. പഠനത്തിനും തൊഴിലിനും വിനോദ യാത്രകള്‍ക്കുമൊക്കെയായി വിദേശത്തുപോയിരുന്ന ഇസ്രയേലി യുവാക്കളെയും യുവതികളെയും വിമാനത്തില്‍ വെച്ച് ഞങ്ങള്‍ കണ്ടു. നാട്ടിലെ യുദ്ധസമയത്തെ സാഹചര്യങ്ങള്‍ അറിഞ്ഞപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി സൈന്യത്തിന് പിന്തുണ നല്കാന് അവര്‍ തയ്യാറാവുകയായിരുന്നു. ദേശീയ പതാകകളുമേന്തി അവരെ സ്വീകരിക്കാന്‍ കാത്തു നില്ക്കുന്ന മുതിര്‍ന്നവരെയും വിമാനത്താവളത്തില്‍ കണ്ടു. വിദേശത്തു നിന്ന് മക്കള്‍ മടങ്ങിയെത്തി സൈന്യത്തിന്റെ ഭാഗമാവുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍.
ഹമാസ് ആക്രമിച്ച സ്ഥലം
തെല്‍അവിവില്‍ നിന്ന് അഷ്കലോണ് നഗരത്തിലേക്ക് 55 കിലോമീറ്ററാണ് ദൂരം. ഇവിടെ നിന്ന് പത്തോ പന്ത്രണ്ടോ കിലോമീറ്റര്‍ അകലെയാണ് ഗാസ മുനമ്പ് അതിര്‍ത്തി. ഹമാസ് ആക്രമണം നടത്തി ബീറിയ നഗരം ഇവിടെ നിന്ന് എട്ട് കിലോമീറ്ററോളം അകലെയാണ്. ഇസ്രയേസികളുടെ അശ്രദ്ധ മുതലെടുത്ത് ഇവിടേക്ക് നുഴഞ്ഞുകയറിയ ഹമാസ് സംഘം ഒരു കൂട്ടക്കൊല തന്നെ നടത്തുകയായിരുന്നു. അവിടെ വാഹനത്തില്‍ മുന്നോട്ട് നീങ്ങുന്നതിനിടെ മിസൈലിന്റെ ശബ്ദം ചെവികളിലെത്തി. തുടര്‍ന്ന് കാര്‍ നിര്‍ത്തി. പിന്നാലെ മറ്റൊരു മിസൈല്‍ ആകാശത്തു വെച്ചു തന്നെ പൊട്ടിത്തെറിച്ചു.
നിരവധി സൈനിക വാഹനങ്ങളും ടാങ്കുകളും ഈ പ്രദേശത്തുണ്ട്. ശക്തമായ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. ഹമാസിന്റെ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാനുള്ള മനസുമായി നില്ക്കുന്ന നിരവധി ഇസ്രയേലി സൈനികരും ഇവിടെയുണ്ടായിരുന്നു. കനത്ത ആക്രമണത്തിന് ശേഷം തങ്ങളുടെ രാജ്യത്തെ പുനര്‍നിര്‍മിക്കാനുള്ള ഇസ്രയേലികളുടെ സ്ഥിരോത്സാഹവും കഠിനാധ്വാനവും പ്രശംസനീയമാണ്. “ഈ മരുഭൂമിയില്‍ ഞങ്ങള്‍ സുന്ദരമായൊരു രാഷ്ട്രം നിര്‍മിച്ചു. എന്നാല്‍ ഇവിടെ ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല” – പ്രദേശവാസികള്‍ പറയുന്നു. അതേസമയം ഈ ഭൂമി തങ്ങളുടേതാണെന്നും ഇസ്രയേലികള്‍ തങ്ങളുടെ പ്രദേശം കൈയേറിയതാണെന്നും പലസ്തീനികളും ആരോപിക്കുന്നു.
മാരകമായ ആയുധങ്ങളുമായി ഗാസ മുനമ്പില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഇത് കേവലം രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മാത്രമുള്ള തര്‍ക്കമല്ല. ക്രൂരമായ കൂട്ടക്കൊലകളും ഇസ്രയേലിനെതിരായ ഭീകരാക്രമണങ്ങളുമാണ് അവര്‍ നടത്തുന്നത്. അതേസമയം പ്രിയപ്പെട്ടവരുടെ സ്മരണയോടെ, പ്രതികാരത്തിനുള്ള അവസരം കാത്തിരിക്കുകയാണ് ഇസ്രയേലികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Oct 16, 2023, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]