
അബുദാബി- പതിറ്റാണ്ടുകളായി അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിൽ ശിഷ്യരുടെ സ്നേഹാദരം ഏറ്റുവാങ്ങാനായി എത്തിയ ബാലശങ്കരൻ മാഷും ഹമീദ് മൗലവിയും ശിഷ്യഗണങ്ങളുടെ സ്നേഹാദരവിൽ വീർപ്പുമുട്ടി.
മലപ്പുറം ജില്ലയെ വിജ്ഞാനത്തിന്റെ നെറുകയിലേക്കു കൈപിടിച്ചുയർത്തിയ കഠിനാധ്വാനത്തിന്റെ കഥ ലോകത്തോടു വിളിച്ചുപറയാനാണ് ഇരുവരും അബുദാബിയിലെത്തിയത്.
ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി 25 അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് (തക്രീം) 20ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും. ഇതിൽ പങ്കെടുക്കുന്നതിനായാണ് ശാരീരിക അവശതകൾ മറന്ന് 77-ാം വയസ്സിൽ ബാലശങ്കരൻ മാഷിനെയും 86-ാം വയസ്സിൽ ഹമീദ് മൗലവിയെയും അബുദാബിയിൽ എത്തിച്ചത്.
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലും പഴി (കോപ്പിയടി) കേൾക്കേണ്ടിവന്ന മലപ്പുറത്തിന്റെ യഥാർഥ കഥയാണ് ഇവർക്കു പറയാനുള്ളത്. മലപ്പുറം തിരുനാവായ എടക്കുളത്ത് ഒരു മതിലിന് ഇരുവശങ്ങളിലുമായുള്ള ജി.എൻ.എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന ബാലശങ്കരൻ മാഷും ഇർഷാദ് സുബിയ മദ്രസാ അധ്യാപകനായ ഹമീദ് മൗലവിയും വിജ്ഞാന വിപ്ലവത്തിലെന്ന പോലെ ശിഷ്യരുടെ സ്നേഹാദരത്തിലും ഒന്നിക്കുകയാണ്. മതസൗഹാർദ അന്തരീക്ഷത്തിൽ വിദ്യയുടെ ലോകത്തേക്കു കൈപ്പിടിച്ചുയർത്തിയ ഗരുക്കുന്മാരിൽനിന്നുതന്നെ പഴമയുടെ തനിമയെ പുതുതലമുറയ്ക്കും ലോകത്തിനും കാട്ടിക്കൊടുക്കുകയാണ് കെ.എം.സി.സിയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് അസീസ് കാളിയാടൻ പറഞ്ഞു.
19-ാം വയസ്സിൽ 1970ൽ നിലമ്പൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബാലശങ്കരൻ 1988ൽ എടക്കുളം ഗവ. എൽ.പി. സ്കൂളിൽ എത്തിയപ്പോഴാണ് ഹമീദ് മൗലവിയുമായി സൗഹൃദം തുടങ്ങിയത്.
ഇവിടെ 20 വർഷം അധ്യാപകനായും പ്രധാന അധ്യാപനായും ജോലി ചെയ്തു. 16-ാം വയസ്സിൽ ഓത്തുപള്ളി അധ്യാപകനായ ഹമീദ് മൗലവി 1960ൽ മദ്രസാ രൂപീകരണത്തോടെ എടക്കുളം മദ്രസ അധ്യാപകനായി 2012ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]